മാവോവാദി ഏറ്റുമുട്ടല്‍ കൊല: റിപോര്‍ട്ടില്‍ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി ; 'പോലിസിന്റെ മറുപടി നിരുത്തരവാദപരം'മലപ്പുറം: നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് പോലിസ് നല്‍കിയ റിപോര്‍ട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അതൃപ്തി രേഖപ്പെടുത്തി. വിശദമായ റിപോര്‍ട്ട് നല്‍കാനും ഡിജിപിയോട് കമ്മീഷന്‍ ഉത്തരവിട്ടു. ഇതു രണ്ടാംതവണയാണ് പോലിസ് റിപോര്‍ട്ടില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തുന്നത്. മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ന്യായീകരിക്കത്തക്ക അളവിലാണോ ബലപ്രയോഗം നടന്നത്, സംഭവത്തിനു നേതൃത്വം നല്‍കിയ തണ്ടര്‍ബോള്‍ട്ട് ടീമിനെ നയിച്ചത് ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്, ബലപ്രയോഗം അനിവാര്യമായിരുന്നോ എന്നീ ചോദ്യങ്ങള്‍ക്കാണ് പോലിസ് വ്യക്തമായ മറുപടി നല്‍കാതിരുന്നത്. ഈ ചോദ്യങ്ങള്‍ക്ക് നിരുത്തരവാദപരമായ മറുപടിയാണ് പോലിസ് നല്‍കിയതെന്ന് കമ്മീഷന്‍ വിലയിരുത്തി. മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന മറുപടിക്കൊപ്പം എഫ്‌ഐആര്‍ റിപോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുമാണ് കമ്മീഷന്റെ ഈ ചോദ്യത്തിന് പോലിസ് മറുപടി നല്‍കിയത്. വിശദമായ മറുപടി നല്‍കാന്‍പോലും പോലിസിനായില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഡിജിപിക്കു വേണ്ടി ഉത്തരമേഖല ഐജിയാണ് കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള റിപോര്‍ട്ടാണിതെന്നും കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ മരണങ്ങളില്‍ സുപ്രിംകോടതി ഉത്തരവുപ്രകാരം നടക്കേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയാവാത്തതിലും കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയുടെ പരാതിപ്രകാരമാണ് നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്. ആദ്യം ഇതുമായി ബന്ധപ്പെട്ട് പോലിസിനോട് റിപോര്‍ട്ട് തേടിയപ്പോള്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിയാണ് മറുപടി നല്‍കിയത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ വിശദ റിപോര്‍ട്ട് സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മലപ്പുറം ഗസ്റ്റ്ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങിലാണ് പോലിസ് രണ്ടാമതും റിപോര്‍ട്ട് നല്‍കിയത്. കമ്മീഷന്‍ തേടിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ എഫ്‌ഐആറിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെയും കോപ്പി നല്‍കിയത് ശരിയായില്ലെന്നും ഇതിനാലാണു വീണ്ടും ഡിജിപിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. എന്നാല്‍, കേസില്‍ പരാതിക്കാരന്‍ ഇതുവരെ കമ്മീഷന്‍ മുമ്പാകെ ഹാജരായിട്ടില്ല. ഇതുകൊണ്ടായിരിക്കാം പോലിസ് ഉത്തരവാദിത്തമില്ലാത്ത ഇത്തരം റിപോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കമ്മീഷന്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ചതുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ഉത്തരവനുസരിച്ച് മെഡിക്കല്‍ സൂപ്രണ്ട് വിശദമായ റിപോര്‍ട്ട് നല്‍കി. ഈ റിപോര്‍ട്ട് പരാതിക്കാരായ യുവതിയുടെ ബന്ധുക്കള്‍ക്ക് നല്‍കി. അവരുടെ തുടര്‍തീരുമാനമനുസരിച്ച് കേസ് മുന്നോട്ടു കൊണ്ടുപോവും.  64 പരാതികളാണ് ഇന്നലെ നടന്ന സിറ്റിങില്‍ പരിഗണിച്ചത്. 21 കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഏഴിമല നാവിക അക്കാദമിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നേവല്‍ ഓഫിസര്‍ ട്രെയിനി തിരൂര്‍ കാനല്ലൂര്‍ സ്വദേശി സൂരജ് ഗൂഡപ്പയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഇന്നലെ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കി.

RELATED STORIES

Share it
Top