മാവോവാദികളെന്ന സംശയത്തില്‍ ചിത്രകലാധ്യാപകരെ കസ്റ്റഡിയിലെടുത്തു

വെള്ളമുണ്ട: മാവോവാദികളാണെന്ന സംശയത്തില്‍ യുവ ചിത്രകലാധ്യാപകരെ വെള്ളമുണ്ട പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. കുഞ്ഞോം എയുപി സ്‌കൂളില്‍ ചിത്രരചന പഠിപ്പിക്കുന്ന കാലടി നടക്കാവ് കാലടിതറയില്‍ വീട്ടില്‍ ശരത് ബാബു (27), വടകര ചീരാംവീട്ടില്‍ സാന്ദ്ര സത്യന്‍ (22) എന്നിവരെയാണ്് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കോറോം ടൗണില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. പാലേരി സ്‌കൂളില്‍ ചിത്രകല പഠിപ്പിക്കുന്നതിന് സാധ്യതയുണ്ടോയെന്നന്വേഷിച്ചു മടങ്ങുന്നതിനിടെയാണ് പോലിസ് ഇവരെ പിടികൂടിയത്. തങ്ങളെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്നു സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരോടെങ്കിലും പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേഷനിലെത്തിയിട്ട് പറയാമെന്നായിരുന്നു മറുപടി. സ്‌റ്റേഷനിലെത്തിച്ച് ഒന്നര മണിക്കൂറോളം വിശദമായി ചോദ്യംചെയ്ത ശേഷം തിരികെ കോറോത്ത് തന്നെ വാഹനത്തില്‍ കൊണ്ടിറക്കുകയായിരുന്നു. നീട്ടിയ മുടിയും കീറിയ ബാഗും വസ്ത്രവുമാണ് സംശയമുളവാക്കിയതെന്നും സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചുകൂടെയെന്ന് പോലിസ് ചോദിച്ചതായും പിന്നീട് ഇവര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ശ്യാം ബാലകൃഷ്ണനെ പിടികൂടിയ രീതിയില്‍ തന്നെയാണ് ഇന്നലെ പോലിസ് ഇവരെയും പിടികൂടിയത്. ശ്യാം ബാലകൃഷ്ണനെ പിടികൂടിയ സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിയുമുണ്ടായിരുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് മാവോവാദി സംശയത്തിന്റെ പേരില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top