മാവേലി സ്‌റ്റോറില്‍ പൊരിക്കടലയ്ക്ക് 205.20; പൊതുമാര്‍ക്കറ്റില്‍ 85 രൂപ

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: പൊതുമാര്‍ക്കറ്റിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ തന്നെ തീവെട്ടിക്കൊള്ള നടത്തുന്നതായി പരാതി. സപ്ലൈകോയുടെ മാവേലി സ്‌റ്റോര്‍ വഴി വിതരണം ചെയ്യുന്ന പല സാധനങ്ങളിലും ഈ വ്യത്യാസമുണ്ടെങ്കിലും പൊരിക്കടലയ്ക്കാണ് മൂന്നിരട്ടി വ്യത്യാസമുള്ളത്. കഴിഞ്ഞദിവസം കാവശ്ശേരി കഴനി ചുങ്കത്തുള്ള മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വക്കീല്‍പ്പടിയിലുള്ള എം സെയ്ദ് മുഹമ്മദ് 250 ഗ്രാം പൊരിക്കടല വാങ്ങിയപ്പോഴാണ് വില കണ്ട് ഞെട്ടിയത്. 51 രൂപ 30 പൈസയാണ് പൊരിക്കടലയ്ക്ക് വിലയിട്ടിരിക്കുന്നത്. അതായത് ഒരുകിലോ പൊരിക്കടലയ്ക്ക് 205 രൂപ 20 പൈസ. സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ക്കാണ് പൊതുമാര്‍ക്കറ്റിനേക്കാള്‍ വിലയീടാക്കി സര്‍ക്കാര്‍ തന്നെ പൊതുജനങ്ങളെ കൊള്ളയടിക്കുന്നത്. ഇതിനെതിരേ സെയ്ദ് മുഹമ്മദ് ആലത്തൂര്‍ സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ക്ക് പരാതിനല്‍കി. സാധനങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലായതിനാല്‍ സാധാരണക്കാര്‍ക്ക് ഈ തട്ടിപ്പ് മനസ്സിലാവുകയുമില്ല. എന്നാല്‍ മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളിലെ മാനേജര്‍മാര്‍ കമ്മീഷന്‍ കൈപ്പറ്റി പല സബ്‌സിഡി സാധനങ്ങളും ഇല്ലെന്ന് പറഞ്ഞ് മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ വകുപ്പ് മന്ത്രിക്കും മേധാവിക്കും പരാതിനല്‍കാനൊരുങ്ങുകയാണ് സെയ്ദ് മുഹമ്മദ്.

RELATED STORIES

Share it
Top