മാവേലിക്കര സേവന സ്പര്‍ശം: 82 പരാതികള്‍ക്ക് പരിഹാരം

ആലപ്പുഴ: മാവേലിക്കരയില്‍  നടന്ന ജില്ല കലക്ടറുടെ സേവനസ്പര്‍ശം പരാതിപരിഹാര അദാലത്തില്‍ 82 പരാതികള്‍ക്ക് തീര്‍പ്പായി. തഴക്കര വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിലാണെന്നു കാണിച്ച് നാട്ടുകാരന്‍ നല്‍കിയ പരാതിയില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്താന്‍  ജില്ല കലക്ടര്‍ ടി വി അനുപമ മാവേലിക്കര തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ശോച്യാവസ്ഥ പരിഹരിക്കാന്‍ പറ്റാത്തതാണെങ്കില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാനാണ് നിര്‍ദേശം.  കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ്  പാളി അടര്‍ന്നു വീണത് കണ്ടതിനാലാണ് പരാതിയെന്ന് അദ്ദേഹം കലക്ടറോടു പറഞ്ഞു.മാവേലിക്കര കെഎസ്ആര്‍ടിസി റീജിയനല്‍ വര്‍ക്കുഷോപ്പിന്റെ  മതില്‍ ഇടിഞ്ഞുവീഴാറായ നിലയിലാണെന്നു അയല്‍പുരയിടത്തിലെ താമസക്കാരന്‍  നല്‍കിയ പരാതിയില്‍ അടിയന്തിര നടപടിയെടുക്കണമെന്ന്  വര്‍ക്ക് ഷോപ്പ് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  തൃപ്പെരുന്തറ പുണ്യംകുളത്തിന്റ വിസ്തൃതിയും ജലസമ്പത്തും വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം നല്‍കിയ പരാതിയില്‍ വിസ്തൃതി അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും  തഹസില്‍ദാറെ ചുമതലപ്പെടുത്തി.
വള്ളികുന്നം കണ്ണഞ്ചാലില്‍ പുഞ്ചയില്‍ അനധികൃതമായി ചെളിയെടുക്കുന്നത് നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടുളള പരാതിയില്‍ സ്‌ക്വാഡ് പരിശോധന നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് റവന്യൂ-പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുന്നം വാര്‍ഡില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് വര്‍ഷങ്ങളായിട്ടും വെള്ളം നല്‍കുന്നതിന് ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ 15 ദിവസത്തിനകം ജലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കലക്ടറെ അറിയിച്ചു. പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡു മുറിയ്‌ക്കേണ്ടി വന്നതിനുള്ള തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടായതെന്ന് അദ്ദേഹം അറിയിച്ചു.
മകന്റെ എന്‍ജിനീയറിങ് പഠനത്തിന് എടുത്ത  നാല് ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടവില്‍ ഇളവ് കിട്ടണമെന്ന കല്ലുമല സ്വദേശിയുടെ അപേക്ഷ ജില്ല ലീഡ് ബാങ്ക് മാനേജര്‍ക്ക് കലക്ടര്‍ കൈമാറി. വായ്പ തുകയുടെ പകുതി അടച്ചു തീര്‍ക്കുന്ന മുറയ്ക്ക് എസ്ബിഐയുടെ ഋണ സമാധാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളവ് അനുവദിയ്ക്കും.
വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വന്ന 69000 രൂപയുടെ ബില്ല് സംബന്ധിച്ച് പ്രായിക്കര സ്വദേശി നല്‍കിയ പരാതിയില്‍ ബില്ലില്‍ കൂടുതല്‍ വ്യക്തത വരുത്തി കുടിശ്ശികയില്‍ ഇളവ് നല്‍കി ഗഡുക്കളായി തുക ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്  വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എംപ്ലോയ്‌മെന്റെ് മുഖേന ജോലി കിട്ടിയിട്ടില്ലെന്ന് സ്ത്രീകളടക്കം പലരും പരാതിയുമായെത്തി. വീട് , ചികില്‍സ സഹായം, റേഷന്‍ കാര്‍ഡ്, അയല്‍ക്കാര്‍ തമ്മിലുള്ള വസ്തുതര്‍ക്കം, വഴി പ്രശ്‌നം, തോട് കയ്യേറ്റം, പരിസര മലിനീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട 241 പരിാതികള്‍ അദാലത്തില്‍ ലഭിച്ചു.

RELATED STORIES

Share it
Top