മാള മേഖലയില്‍ വന്‍ കൃഷി നാശം

മാള: വെള്ളക്കെട്ടില്‍ വന്‍ കൃഷിനാശം. ആലമിറ്റം വാഴപ്പിള്ളി ഇട്ടൂപ്പിന്റെയും സഹോദരങ്ങളുടെയും നേതൃത്വത്തില്‍ രണ്ട് ഏക്കറോളം ഭൂമിയില്‍ ചെയ്ത കപ്പകൃഷിയും 850 കുല വന്നുതുടങ്ങിയ വാഴയുമാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളകെട്ടില്‍ നശിച്ചത്. ജൂലായില്‍ വിളവെടുക്കേണ്ട കപ്പയാണ് വെള്ള കെട്ടിനെ തുടര്‍ന്ന് നേരത്തെ വിളവെടുപ്പ് വേണ്ടി വന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ശക്തമായതും തുടര്‍ച്ചയായതുമായ മഴയില്‍ കുറേയേറെ വെള്ളം കയറിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലുണ്ടായ മഴയെയും തുടര്‍ന്ന് വാഴയും കപ്പയും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കപ്പക്ക് മാത്രം ഒന്നര ലക്ഷം രൂപ ചെലവഴിച്ചതാണ്. കൂടാതെ ഇട്ടൂപ്പിന്റെയും സഹോദരങ്ങളായ ജോണ്‍സന്‍, പോളി എന്നിവരുടെയും അധ്വാനവും നഷ്ടക്കണക്കിലായി. മൂന്ന് ലക്ഷം രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന കപ്പകൃഷി നേരത്തെ വിളവെടുക്കേണ്ടി വന്നതിനാല്‍ രണ്ട് ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ്. ഓരോ കടയില്‍ നിന്നും കിട്ടുന്ന കപ്പയുടെ തൂക്കം കുറയുന്നതാണ് നഷ്ടത്തിന്റെ കാരണം. മൂന്നര ലക്ഷം രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന വാഴകൃഷിയില്‍ നിന്നും യാതൊരു വരുമാനവും ലഭിക്കാത്ത അവസ്ഥയിലാണ്.
കുലവന്ന് തുടങ്ങിയ വാഴകള്‍ പഴുത്ത് അടുത്ത ദിവസങ്ങളിലായി ഒടിഞ്ഞു വീഴാന്‍ തുടങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുകൂടാതെ 25000 പിലോപ്പി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചിരുന്നതില്‍ പലതും കുളത്തിലെ വെള്ളം ഉയര്‍ന്ന് കവിഞ്ഞതോടെ ഒഴുകി പോയിരിക്കയാണ്. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ശക്തമായ മഴ പെയ്തതോടെ ചാലക്കുടി പുഴയിലെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഇവരുടെ കൃഷിയിടത്തിലെയടക്കം വെള്ളം ഒഴിഞ്ഞു പോകാതിരുന്നതും കനത്ത നഷ്ടം നേരിടേണ്ടി വന്നതും.
ചാലക്കുടി പുഴയില്‍ വെള്ളം ഏറിയാലും കണക്കന്‍കടവിലെ ഷട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തുറന്ന് വെള്ളം ഒഴുക്കി വിടാനാകില്ല. ഷട്ടര്‍ തകരാറിലായതിനാല്‍ മണല്‍ബണ്ട് കെട്ടിയിരിക്കയാണ്. കാലവര്‍ഷം കനത്തു തുടങ്ങുമ്പോള്‍ മാത്രമാണ് ഈ ബണ്ട് പൊട്ടിക്കുക. ഇനിയും ശക്തമായ മഴയുണ്ടായാല്‍ കൂടുതല്‍ കൃഷിയിടങ്ങളിലെ വിവിധ കൃഷികള്‍ നശിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top