മാള തപാല്‍ ഓഫിസ് ശ്രദ്ധിക്കപ്പെടാതെ നശിക്കുന്നു

മാള: ആരും ശ്രദ്ധിക്കപ്പെടാതെ നശിച്ചു കൊണ്ടിരിക്കുന്നു മാളയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മാള തപാലാപ്പീസ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാന്‍ ഇത്തവണയും മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തയ്യാറായി നില്‍ക്കുകയാണീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം.
അധികാരികള്‍ നോക്കുകുത്തിയാകുമ്പോള്‍ ഇതിലുമപ്പുറവും സംഭവിക്കുമെന്നാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരടക്കമുള്ളവര്‍. യഹൂദ കുടുംബം താമസിച്ചിരുന്ന ഓട് മേഞ്ഞ കെട്ടിടത്തിലാണ് പതിറ്റാണ്ടുകളായി തപാലാപ്പീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഓടുകളില്‍ പലതും പൊട്ടിയതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ചോര്‍ന്നൊലിക്കുകയാണ്. പ്ലാസ്റ്റിക്ക് ഷീറ്റുപയോഗിച്ച് ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച പൂര്‍ണ്ണമായി പരിഹരിക്കാനായിട്ടില്ല. പരിഹരിച്ചിടത്തെല്ലാം പ്ലാസ്റ്റിക്ക് ഷീറ്റ് ദ്രവിച്ചതോടെ ഇത്തവണത്തെ മഴക്കാലത്ത് തപാലാപ്പീസിനകത്ത് തോണിയിറക്കാനാകും വിധത്തില്‍ വെള്ളം നിറയാന്‍ സാദ്ധ്യത ഏറെയാണ്. വിലപ്പെട്ട ഫയലുകളും മറ്റും വെള്ളം വീണ് നനയാറുണ്ട്. പലതും വെള്ളത്തില്‍ കുതിര്‍ന്ന് നശിക്കുകയാണ്. ഓട് കഴിഞ്ഞും ഷീറ്റ് നീണ്ട് നില്‍ക്കുന്നതിനാലും ചെരിവ് കുറവായതിനാലും മരച്ചില്ലകളും ഇലകളും ഇടക്കിടെ നിറയുന്നുണ്ട്. ഇവ കൂടിക്കിടന്ന് ഷീറ്റ് തൂങ്ങിയാടിയാലും ഉത്തരവാദപ്പെട്ടവര്‍ തിരിഞ്ഞു നോക്കാറില്ല. നിരവധി മരങ്ങളും കുറ്റിക്കാടുകളും കൊണ്ട് നിരഞ്ഞിരിക്കയാണ് കെട്ടിടവും കെട്ടിടത്തിന്റെ മു ന്‍വശവും ഒഴികെയുള്ള ഭാഗങ്ങള്‍. വിവിധ മരങ്ങളില്‍ നിന്നുമുള്ള ഇലകളില്‍ ഭൂരിഭാഗവും ഷീറ്റിലടക്കം വീണ് നിറയുകയാണ്. കുറ്റിക്കാടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ജീവനക്കാരാരും ഈ ഭാഗത്തേക്ക് ഇറങ്ങാറില്ല. ഇഴജന്തുക്കളേറെ ഉണ്ടാകുമെന്ന ഭയം മൂലമാണ് ആരുംതന്നെ ഈ ഭാഗങ്ങളിലേക്ക് ഇറങ്ങാത്തത്.
മാളയിലെ യഹൂദരുടെ സ്മാരകങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ് സംരക്ഷണമേതുമില്ലാതെ ഈ പഴയ യഹൂദ ഭവനവും. കേരളത്തിലെ മറ്റെല്ലാ യഹൂദ സ്മാരകങ്ങളടക്കമുള്ളവ സംരക്ഷിക്കപ്പെടുമ്പോള്‍ മാളയിലും സമീപ പ്രദേശങ്ങളിലുമുള്ളവ നശിക്കുകയാണ്. അക്കൂട്ടത്തിലേക്കാണ് പതിറ്റാണ്ടുകളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ കെട്ടിടവും. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് ആക്ഷേപം. വര്‍ഷാവര്‍ഷം അറ്റകുറ്റ പണികള്‍ക്കായി അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ എവിടേക്കാണ് പോകുന്നതെന്നാണ് ജീവനക്കാരടക്കമുള്ളവരില്‍ നിന്നുമുയരുന്ന ചോദ്യം.

RELATED STORIES

Share it
Top