മാള ടൗണിലെ ജീര്‍ണാവസ്ഥയിലായ കെട്ടിടങ്ങള്‍ അപകടഭീഷണിയില്‍

മാള: അപകട ഭീഷണി സൃഷ്ടിച്ച് മാള ടൗണില്‍ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടങ്ങള്‍. സംസ്ഥാന ഹൈവേ എന്നറിയപ്പെടുന്ന കൊടകര മാള കൊടുങ്ങല്ലൂര്‍ പാതയുടെ അരികില്‍ മാള ടൗണിലാണ് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നത്.
ടൗണിന്റെ ഹൃദയഭാഗത്ത് തപാലാപ്പീസ് റോഡിലേക്ക് തിരിയുന്നിടത്താണ് അപകട ഭീഷണി കൂടുതലായി സൃഷ്ടിക്കുന്ന രണ്ട് കെട്ടിടങ്ങളുള്ളത്. പതിറ്റാണ്ടുകളേറെ പഴക്കമുള്ളവയും പൗരാണികവുമായുള്ള കെട്ടിടങ്ങളാണിവ. ഇവയില്‍ ഏറ്റവും കൂടുതലായി ഭീഷണി സൃഷ്ടിക്കുന്നത് ഇരുനില കെട്ടിടമാണ്.
മേലെയുള്ള നിലയുടെ ചുമരുകളുടെ പ്ലാസ്റ്റര്‍ പൊളിഞ്ഞ് ചെങ്കല്ലുകള്‍ ഇളകിയ നിലയിലാണ്. ജനലുകളിന്‍മേല്‍ തൂങ്ങിക്കിടക്കുകയാണ് കല്ലുകള്‍. മേല്‍ക്കൂരയില്ലാതെ മഞ്ഞും മഴയും വെയിലുമേല്‍ക്കുന്ന ജനലുകള്‍ ദ്രവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍തന്നെ എപ്പോള്‍ വേണമെങ്കിലും വലിയ ഭാരമുള്ള കല്ലുകള്‍ താഴേക്ക് പതിക്കാം. ഒരു കല്ലിളകിയാല്‍ തൊട്ടടുത്തുള്ള കല്ലുകളും ഇളകി താഴേക്ക് പതിക്കുന്നതോടെ താഴത്തെ നിലയും തകരാം. പകലായാലും രാത്രിയായാലും നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന പാതകളാണ്. തകരുന്ന സമയത്ത് ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളും തകര്‍ന്ന് വലിയതോതിലുള്ള അപകടമുണ്ടാകാം. ഒന്നിലേറെ ജീവഹാനിയും കനത്ത നഷ്ടങ്ങളുമുണ്ടാകാം. യഹൂദര്‍ മാളയില്‍ അധിവസിച്ചിരുന്ന സമയത്തുള്ള കെട്ടിടങ്ങളാണ് മാളയിലെ പഴയ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും. അവയില്‍ പെട്ടവയാണിവയും. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായതിനെതുടര്‍ന്ന് മേലെയുള്ള നിലയും താഴെയുള്ള നിലയുടെ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് കെട്ടിടങ്ങളിലുമായി ഒരു തുണിക്കടയും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് കടയും ഒരു പലചരക്ക് കടയുമാണ് പ്രവര്‍ത്തിക്കുന്നത്.
മേലേയും താഴേയുമുള്ള ബാക്കി ഭാഗങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പകല്‍ സമയത്താണ് കെട്ടിടങ്ങള്‍ തകരുന്നതെങ്കില്‍ പ്രവര്‍ത്തിക്കുന്നവയിലുള്ളവരെല്ലാം അപകടത്തില്‍പെടാം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാകാം. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയുണ്ടായ ചോര്‍ച്ചയൊഴിവാക്കാനായി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. പൊട്ടിയ ഓടുകള്‍ മാറ്റാനായി മേല്‍ക്കൂരയില്‍ കയറിയാല്‍ മേല്‍ക്കൂര അപ്പാടെ നിലംപൊത്തുന്നതിനാലാണ് ഷീറ്റിട്ടത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പൊളിച്ചു പണിയേണ്ട കെട്ടിടങ്ങള്‍ പുതുക്കി പണിയുമ്പോള്‍ പുറകിലേക്കിറക്കി പണിയേണ്ടി വരുന്നതിനാലാണ് പൊളിക്കാതിരുന്നത്.
വലിയൊരു ദുരനുഭവമുണ്ടാകുന്നതിന് മുന്‍പേ ഈ കെട്ടിടങ്ങളും ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സമാനാവസ്ഥയിലുള്ള മറ്റു കെട്ടിടങ്ങളും പൊളിച്ചു മാറ്റാനുള്ള നടപടികള്‍ മാള ഗ്രാമപഞ്ചായത്തധികൃതര്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. പലയിടങ്ങളിലേയും പോലെ ദുരനുഭവമുണ്ടായതിന് ശേഷമേ നടപടികളുണ്ടാവുക എന്ന ആശങ്കയും ജനങ്ങളിലുണ്ട്.
സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top