മാള കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂള്‍ മാറ്റാന്‍ നീക്കംമാള: പതിറ്റാണ്ടുകളായി വളരെ കൃത്യതയോടെ സര്‍വീസ് നടത്തിയിരുന്ന ഷെഡ്യൂള്‍ മാറ്റി മറിച്ച് ഇല്ലാതാക്കാന്‍ മാള കെഎസ്ആര്‍ടിസി ഡിപ്പോയെ നിയന്ത്രിക്കുന്ന കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സ് മുതലാളി കോക്കസിന്റെ ഗൂഡശ്രമം. മാളയില്‍ നിന്നും മേലഡൂര്‍ വഴി ആലുവയിലെത്തി എരവത്തൂര്‍ വഴി തിരികെ മാളയിലെത്തുന്ന ട്രിപ്പാണ് മാറ്റി മറിച്ചത്. പതിറ്റാണ്ടുകളായി ഈ ട്രിപ്പ് ഉള്‍പ്പെടുത്തിയിരുന്നത് 12.15 ന് തുടങ്ങുന്ന മേലഡൂര്‍ ആലുവ ഷെഡ്യൂളിലായിരുന്നു. അടുത്തിടെയാണ് ഇതില്‍ നിന്നും മാറ്റി ഈ ട്രിപ്പ് 7.00 മണി മേലഡൂര്‍ ആലുവയിലാക്കിയത്. അതിനുശേഷം ആഴ്ചയില്‍ പകുതി ദിവസങ്ങളിലും ഈ ബസ്സ് ഓടാറില്ല. ആലുവയില്‍ നിന്നും ഉച്ചക്ക് രണ്ടുമണിക്കാണ് ഈ ബസ്സെടുക്കുന്നത്. ശരാശരി 2.45 ഓടെ എരവത്തൂരിലും 3.05 ഓടെ മാളയിലും എത്തേണ്ടതായ ബസ് ദിവസങ്ങളോളം കാത്ത് നിന്ന് നിരാശരാകേണ്ട അവസ്ഥയാണ്. മുമ്പ് ഏഴുമണി ആലുവ കൃത്യതയോടെ ഓടിയിരുന്നതാണ്. ഇതില്‍ നിന്നുമാറി വല്ലപ്പോഴും ഓടുന്ന അവസ്ഥയിലെത്തിയപ്പോഴാണ് അവധി ദിവസങ്ങളേതായാലും മുടങ്ങാതിരുന്ന ട്രിപ്പ് ഇതിലേക്കാക്കി സര്‍വീസ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയത്. കെഎസ്ആര്‍ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്കിയാലും 12.15 ആലുവ ഓടാറുണ്ട്. രാവിലെ ബസ്സുകള്‍ കുറഞ്ഞാലും പണിക്ക് കയറ്റിയ ബസ് പണി പൂര്‍ത്തീകരിച്ച് ഉച്ചയോടെ സര്‍വീസിന് ലഭ്യമാകുന്നതടക്കമുള്ളതിനാല്‍ ഈ ഷെഡ്യൂള്‍ ഒരിക്കലും റദ്ധാക്കാറില്ല. മറ്റൊരു ഷെഡ്യൂളിലുണ്ടായിരുന്ന 3.40 എരവത്തൂര്‍ ആലുവ ട്രിപ്പും ഏഴുമണി ആലുവയിലാക്കിയിരിക്കയാണ്. ഈ ഷെഡ്യൂ ള്‍ ഇല്ലാതാകുന്നതോടെ രണ്ട് ട്രിപ്പാണ് നാമമാത്രമായി മാത്രം സര്‍വീസുകള്‍ ഉള്ള എരവത്തൂ ര്‍ റൂട്ടിന് നഷ്ടമാകുന്നത്. ഇതുമൂലം പെരുവഴിയിലാകുന്നത് സ്ത്രീകളും വൃദ്ധരും കുട്ടികളുമടങ്ങിയ ഒട്ടനേകം യാത്രക്കാരാണ്. 14.00 മണി എരവത്തൂര്‍ മാള ഓടാതിരുന്നാല്‍ ഗുണകരമാകുന്നത് കുറഞ്ഞത് മൂന്ന് സ്വകാര്യ ബസ്സുകള്‍ക്കാണ്. അങ്കമാലിയില്‍ നിന്നും 14.18 ന് അത്താണിയിലെത്തുന്ന സ്വകാര്യ ബസ്സ്, ആലുവയില്‍ നിന്നും 14.25 ന് അത്താണിയിലെത്തുന്ന സ്വകാര്യ ബസ്, 16. 20 ന് മാളയില്‍ നിന്നും കൊച്ചുകടവ് വരെയുള്ള സ്വകാര്യ ബസ് തുടങ്ങിയവക്കാണ് ഈ രണ്ട് ട്രിപ്പുകളും ഓടാതിരുന്നാല്‍ ഗുണകരമാകുന്നത്. 10 20 എരവത്തൂര്‍ മാള, 11.10 എരവത്തൂര്‍ മാള എന്നിവ അവയില്‍ ചിലതാണ്. ഇവക്കിടയിലുണ്ടായ ട്രിപ്പുകളെല്ലാം ഇപ്പോള്‍ നടക്കുന്നതടക്കമുള്ള നടപടികളാല്‍ ഇല്ലാതാക്കി. അതുപോലെ രാവിലെ എട്ടുമണിക്ക് ശേഷം 11.20, 12.50, 13.20, 15 10 എന്നിവക്ക് ശേഷം ആലുവക്കുള്ള ട്രിപ്പാണ് 15.40. ഇതിന് ശേഷം 17.25 നാണ് ആലുവക്ക് എരവത്തൂര്‍ വഴി അവസാന ട്രിപ്പ്. ഇതിനിടയിലും ശേഷവുമുണ്ടായിരുന്ന ട്രിപ്പുകളും ഷെഡൃൂളുകളും ഇല്ലാതാക്കി. ഇത്തരത്തില്‍ വല്ലപ്പോഴും തോന്നിയ പോലെ ഓടിച്ച് യാത്രക്കാരുടെ വിശ്വാസം നശിപ്പിച്ച് നഷ്ടത്തിലാക്കിയാണിവയില്‍ ഭൂരിഭാഗവും ഇല്ലാതാക്കിയത്. അത്തരത്തില്‍ ഇപ്പോള്‍ ഉള്ളവയും ഇല്ലാതാക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് കെഎസ്ആര്‍ടി സി  മാള ഡിപ്പോ കോക്കസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത്തരത്തില്‍ ഓരോ ഷെഡ്യൂളുകളും ഇല്ലാതാക്കി ഡിപ്പോയെ കനത്ത നഷ്ടത്തിലാക്കി അടച്ചു പൂട്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളാണിവര്‍ നടപ്പാക്കുന്നതെന്നാണ് ജീവനക്കാരില്‍ നിന്നടക്കം ഉയരുന്ന ആക്ഷേപം.

RELATED STORIES

Share it
Top