മാളയുടെ മുഖച്ഛായ വീണ്ടെടുക്കാന്‍ കോടികള്‍ ആവശ്യമെന്ന് അധികൃതര്‍

സലീം എരവത്തൂര്‍

മാള: തകര്‍ന്ന മാളയുടെ പുനര്‍നിര്‍മ്മാണത്തിനായി കോടികള്‍ ആവശ്യമായി വരുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ ന ല്‍കുന്ന സൂചന. ലക്ഷങ്ങള്‍ ചിലവഴിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച മാള ബസ് സ്റ്റാന്റിലെ ആധുനിക കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രളയത്തില്‍ തകര്‍ന്ന നിലയിലാണ്. കംഫര്‍ട്ട് സ്‌റ്റേഷന്‍ നിന്നിരുന്ന ഭാഗത്ത് നിന്ന് കുത്തൊഴുക്കില്‍ മാറിയിരിക്കുകയാണ്. ആധുനിക കംഫര്‍ട്ട് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണി നടത്തുന്ന വിദഗ്ധര്‍ വന്ന് പരിശോധിച്ചാല്‍ മാത്രമേ ഇവ ഉപയോഗപ്രദമാക്കാന്‍ കഴിയുമോ എന്ന് വ്യക്തമാകുകയുള്ളൂ. കംഫര്‍ട്ട് സ്‌റ്റേഷന്‍ ഏതാനും മാസങ്ങളായി തകരാര്‍ കാരണം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. രണ്ട് കംഫര്‍ട്ട് സ്‌റ്റേഷന്റെ ചുറ്റുമുണ്ടായിരുന്ന സംരക്ഷണ മതിലും തകര്‍ന്ന നിലയിലാണ്. ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ നിര്‍മ്മാണങ്ങളെല്ലാം പൊളിഞ്ഞ് പോയ നിലയിലാണ്. ടൗണില്‍ മാളചാലിന്റെ ഓരം ചേര്‍ന്ന് സ്ഥാപിച്ച സ്റ്റീല്‍ കൈവരികളെല്ലാം മലവെള്ളപ്പാച്ചിലില്‍ പിഴുതെറിയപ്പെട്ട നിലയിലാണ്. ആളുകള്‍ക്ക് നടക്കുന്നതിനായി ടൈല്‍ വിരിച്ച നടപ്പാതകളെല്ലാം തകര്‍ന്നിട്ടുണ്ട്. അഴുക്ക് ചാലുകള്‍ പലയിടങ്ങളിലും തകര്‍ന്നത് പുനര്‍നിര്‍മ്മാണത്തിനായി ലക്ഷങ്ങള്‍ ആവശ്യമായി വരും. മുന്‍പ് തന്നെ തകര്‍ന്ന് കിടക്കുകയായിരുന്ന കെ എസ് ആര്‍ടി സി ബസ് സ്റ്റാന്റ് കൂടുതല്‍ ശോച്യാവസ്ഥയിലായിട്ടുണ്ട്. വെള്ളം കയറിയ കെ എസ് ആര്‍ടിസി ഡിപ്പോയിലും മാള സബ് ട്രഷറിയിലും ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. പുനര്‍നിര്‍മ്മാണം ആരംഭിച്ച ടൗണ്‍ റോഡ് വെള്ളം കുത്തിയൊഴുകി പാടെ തകര്‍ന്നിരിക്കുകയാണ്. കെ കെ റോഡിലും പോസ്‌റ്റോഫീസ് റോഡിലും പല ഭാഗത്തും വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. മാളയിലെ ശുദ്ധജലസ്രോതസായ മാളക്കുളത്തിന്റെ കരിങ്കല്‍ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയിലാണ്. കുളത്തിന് ചുറ്റും സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ നിര്‍മ്മാണങ്ങളെല്ലാം തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്. കുളത്തിനും റോഡിനുമിടയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി ഒരുക്കിയ പാര്‍ക്കും കുത്തൊഴുക്കില്‍ നശിച്ചിരിക്കുകയാണ്. ചാരുബഞ്ചുകളും സ്തൂപങ്ങളും വഴി വിളക്കുകളും അപ്രത്യക്ഷമായിരികയാണ്. ഇവയെല്ലാം പുനര്‍നിര്‍മ്മിച്ച് നഷ്ടപ്പെട്ട മാളയുടെ മുഖഛായ വീണ്ടെടുക്കാര്‍ കോടികള്‍ ആവശ്യമായി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top