മാളയില്‍ അശാസ്ത്രീയമായി പണിത റോഡ് പൊളിച്ച് പണിതു

മാളഃ മാളയില്‍ അശാസ്ത്രീയമായും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലും റോഡില്‍ വിരിച്ച ടൈല്‍സ് പൊളിച്ചു. കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കോട്ട മാളകൊടകര സംസ്ഥാന പാതയില്‍ നിന്ന് മാള പഞ്ചായത്ത് ബസ് സ്റ്റാന്റ് ഭാഗത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മാള കിഴക്കേ അങ്ങാടി റോഡില്‍ കട്ട വിരിച്ച് അശാസ്ത്രീയമായി നവീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തിയ റോഡാണ് പൊളിച്ചു പണിതത്. അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ് ഇവിടത്തെ കട്ട വിരിക്കലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.ഈ സംസ്ഥാന പാതയില്‍ നിന്നും കിഴക്കേ അങ്ങാടി റോഡിലേയ്ക്ക് തിരിയുന്ന മാളകുളം ഭാഗത്താണ് കട്ട വിരിച്ചിരുന്നത്. തിരിഞ്ഞു പോകേണ്ട സംസ്ഥാന പാതയേക്കാള്‍ ഒരടിയിലേറെ ഉയരത്തിലായിരുന്നു ടൈല്‍സ് വിരിച്ചിരുന്നത്.
വാഹനങ്ങള്‍ പ്രവേശിക്കേണ്ട റോഡിലേയ്ക്ക് ഒട്ടും ചരിവ് കൊടുക്കാതെ ഉയര്‍ത്തിയിരുന്നതിനാല്‍ ഇവിടെ വലിയ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാള കുളത്തിന്റെ മൂന്ന് വശത്തുമുള്ള റോഡിന്റെ പാര്‍ശ്വവശങ്ങളില്‍ കട്ട വിരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കട്ട വിരിക്കുന്ന റോഡിന്റെ പാര്‍ശ്വവശത്തെ ഈ കട്ടകള്‍ ഇളക്കി മാറ്റി വിണ്ടും ഉയര്‍ത്തി കട്ട വിരിക്കുന്ന പ്രവര്‍ത്തികളും നടത്തിയിരുന്നു.രണ്ട് പ്രവൃത്തികളുടെയും ഏകോപനമില്ലാത്തതിനാലാണ് അദ്യം വിരിച്ച കട്ടകള്‍ പൊളിച്ചെടുത്ത് വീണ്ടും വിരിക്കേണ്ടി വന്നത്. ഇതുമൂലം ജില്ലാ പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ഈ റോഡിന് കട്ട വിരിച്ച് മോഡി പിടിപ്പിക്കാന്‍ പതിനാല് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.അശാസ്ത്രിയമായി നിര്‍മ്മിച്ച റോഡിന്റെ ആരംഭത്തിലുള്ള ഭാഗം പൊളിച്ച് വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കാത്ത രീതിയില്‍ ചരിവു കൊടുത്ത് കട്ട വിരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് നഷ്ടം അവരില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊച്ചര ജില്ലാ പഞ്ചായത്തിനും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top