മാളയിലെ സ്‌പോര്‍ട്‌സ് അക്കാദമി സാമൂഹിക വിരുദ്ധരുടെ കേന്ദ്രം

സലീം എരവത്തൂര്‍

മാള: കെ കരുണാകരന്റെ നാമധേയത്തിലുള്ള മാളയിലെ സ്‌പോര്‍ട്‌സ് അക്കാദമി ഉപകാരപ്പെടുന്നത് സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്ക്. ഫുട്‌ബോള്‍ ഗ്രൗണ്ടിനായി ഇറക്കുമതി ചെയ്ത കൃത്രിമ പുല്ലും മറ്റു ഉപകരണങ്ങളും നാശത്തിന്റെ വക്കില്‍. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വിരിക്കാനായി ഫിന്‍ലന്‍ഡില്‍ നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ പാകേണ്ടതായ റബ്ബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ നശിക്കുന്നത്. 60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഇവയെല്ലാം സ്‌റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വിശ്രമിക്കുകയാണ്. ഇവ പാകുന്നതിനോ ഫുട്‌ബോള്‍ കോര്‍ട്ടടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് പ്രവര്‍ത്തന സജ്ജമാക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല. 3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമപുല്ലിന്റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. ഷീറ്റിനൊപ്പമെത്തിച്ച റബ്ബര്‍ തരികളും ഷീറ്റ് ഒട്ടിക്കാനായുള്ള പശയും ഇവിടെ എത്തിച്ചിട്ട് മാസങ്ങളേറെയായി. ഇവ ഉപയോഗിക്കുന്നത് വൈകിയാല്‍ പശയടക്കമുള്ളവ ഉപയോഗശൂന്യമാകും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എത്തിച്ച ഇവ സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഷട്ടറിന്റെ പൂട്ടും സ്‌റ്റേഡിയത്തിനകത്തെ ശുചിമുറിയുടേയും ഓഫിസിന്റേയും പൂട്ടുകളും സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുന്നത് പതിവാണ്.2012 നവംബര്‍ 23 ന് അന്നത്തെ കായിക വകുപ്പുമന്ത്രി കെ ബി ഗണേഷ്‌കുമാറാണ് എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. 2016 ഏപ്രില്‍ മാസത്തിനകം രണ്ടര കോടി രൂപ ചെലവഴിച്ച് ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. മൂന്നര കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ കോര്‍ട്ടിന്റെയും ഫുട്‌ബോള്‍ കോര്‍ട്ടിന്റെയും ഭാഗിക നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശുചിമുറികളും ഓഫിസും ഒരുക്കിയിട്ടുണ്ട്. 2500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇന്‍ഡോര്‍ വുഡന്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, 200 മീറ്റര്‍ ഓപ്പണ്‍ സിന്തറ്റിക് ട്രാക്ക്, കൃത്രിമപുല്ല് പാകിയ ഫുട്‌ബോള്‍ കോര്‍ട്ട്, കായിക താരങ്ങള്‍ക്ക് വസ്ത്രം മാറുന്നതിനും പ്രാഥമിക കാര്യങ്ങള്‍ക്കും കുളിക്കുന്നതിനുമുള്ള മുറികള്‍, കളികള്‍ക്കിടയില്‍ മഴ പെയ്താല്‍ മിനിറ്റുകള്‍ക്കകം വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയാണ് ഇനിയൊരുക്കേണ്ടത്. ആദ്യഘട്ടത്തില്‍ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് കൃത്രിമപുല്ലടക്കമുള്ളവ ഇറക്കുമതി ചെയ്തത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ഒന്നാംഘട്ടത്തിലെ നിര്‍മ്മിതികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കായിക വകുപ്പില്‍ നിന്നുമുള്ള ഫണ്ട് ചെലവഴിക്കേണ്ട ബാധ്യത മാത്രമുള്ള ഗ്രാമപഞ്ചായത്ത് നിസ്സംഗത തുടരുകയാണ്. രാത്രികാലങ്ങളില്‍ കൂടാതെ പകല്‍ സമയത്ത് പോലും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന സ്‌റ്റേഡിയം.

RELATED STORIES

Share it
Top