മാളയിലെ ജലനിധി പദ്ധതിയില്‍ നിന്ന് ചോരുന്നത് നാലു ലക്ഷം ലിറ്റര്‍ കുടിവെള്ളം

സലീം എരവത്തൂര്‍

മാള: ജലനിധിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായ മാള മള്‍ട്ടി ജി പി പദ്ധതിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധം വെള്ളം ചോരുന്നു. നിത്യവും നാല് ലക്ഷം ലിറ്റര്‍ ശൂദ്ധീകരിച്ച വെള്ളമാണ് കണക്കില്‍പെടാതെ പാഴാകുന്നത്.
ആയിരം ലിറ്ററിന് 10 രൂപ നിരക്ക് കണക്കാക്കിയാല്‍ തന്നെ ഒരുമാസം ജലനിധിക്ക് അനധികൃത ചോര്‍ച്ച മൂലം നഷ്ടമാകുന്നത് 1.2 ലക്ഷം രൂപയാണ്. ഇക്കാരണത്താല്‍ തന്നെ ജലനിധിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുമാകുന്നില്ല. 365 ദിവസവും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം ദൂരെയാണിപ്പോള്‍. ജലനിധി പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും കുടിവെള്ളം ലഭ്യമാക്കുകയെന്നതായിരുന്നു. വാട്ടര്‍ അതോറിറ്റി 30 വര്‍ഷത്തോളം ജലവിതരണം നടത്തിയിട്ടും പത്ത് ദിവസത്തെ ഇടവേളകളില്‍ മാത്രമാണ് വേനലില്‍ വെള്ളം ലഭ്യമാക്കാന്‍ സാധിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് 85 കോടി രൂപ മുതല്‍ മുടക്കി പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. ശൂദ്ധീകരണശാലയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, പുതിയ പമ്പിംഗ് മെയില്‍ സ്ഥാപിക്കല്‍, പഞ്ചായത്ത്‌തോറും ജലസംഭരണികള്‍ നിര്‍മ്മിക്കല്‍, പുതിയ കണക്ഷനുകള്‍ നല്‍കല്‍ എന്നിവയെല്ലാം പൂര്‍ത്തിയായി. കഴിഞ്ഞ 10 മാസമായി ജലനിധിയാണ് കുടിവെള്ള വിതരണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്.
ജലനിധി വിതരണം ഏറ്റെടുത്തിട്ടും എല്ലായ്‌പ്പോഴും വെള്ളമെന്ന പ്രഖ്യാപനം സാധ്യമായില്ല. കുഴൂര്‍, അന്നമനട പഞ്ചായത്തുകളില്‍ മാത്രമാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുന്നത്. മാള പഞ്ചായത്തില്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലാണ് വെള്ളമെത്തുന്നത്. അവശേഷിക്കുന്ന പുത്തന്‍ചിറ, പൊയ്യ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളില്‍ നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഇപ്പോള്‍ വെള്ളം ലഭിക്കുന്നുള്ളു. ജലനിധിക്ക് ഇപ്പോള്‍ 28650 ഉപഭോക്താക്കളാണുള്ളത്. ഇവരില്‍ 11,000 പേര്‍ മുന്‍പത്തെ വാട്ടര്‍ അതോറിറ്റിയുടെ ഉപഭോക്താക്കളാണ്. ഇവരിലാണ് അനധികൃത ഉപഭോഗം കൂടുതലായുള്ളത്. ഭൂമിക്കടിയില്‍ വലിയ ടാങ്കുകള്‍ നിര്‍മ്മിച്ച് വെള്ളം സംഭരിക്കുന്നവരും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വെള്ളം കിണറുകളിലേക്കും മറ്റും തുറന്ന് വിടുന്നവരും ഈകൂട്ടത്തിലുണ്ട്. ഇവരില്‍ പകുതിയിലേറെപേരുടേയും മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമവുമല്ല. ഇക്കാരണത്താല്‍ തന്നെ ജലചൂഷണം കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് ഒരിക്കലും കഴിയുന്നുമില്ല. ഉടമകളാണ് മീറ്റര്‍ മാറ്റി സ്ഥാപിക്കേണ്ടതെങ്കിലും പ്രശ്‌ന പരിഹാരത്തിനായി ജലനിധി തന്നെ കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ അവസാനത്തോടെ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി ആരംഭിക്കും. പൊതുടാപ്പുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് കണക്കില്ല. മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളം കണക്കാക്കാന്‍ സാധിക്കുന്നില്ല. ആറ് പഞ്ചായത്തുകളിലായി 1250 പൊതുടാപ്പുകളാണ് ഉള്ളത്. ഇവയില്‍ 700 ടാപ്പുകള്‍ വേണ്ടെന്നുവെച്ചു. പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പണം അതത് പഞ്ചായത്തുകളാണ് നല്‍കേണ്ടത്. പഞ്ചായത്തുകള്‍ പണം അടക്കാന്‍ തയ്യാറുള്ള പൊതുടാപ്പുകള്‍ മീറ്റര്‍ സ്ഥാപിച്ച് നിലനിര്‍ത്താനാണ് ജലനിധി തീരുമാനം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ പാഴാകുന്ന വെള്ളം കുറയ്ക്കാനാകുമെന്നാണ് വിശ്വാസം.
കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ വൈന്തലയിലെ പ്ലാന്റില്‍ നിത്യവും 14 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശൂദ്ധീകരിച്ച് വിതരണത്തിനായി വിടുന്നത്. എന്നാല്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ജലനിധിയുടെ ഇപ്പോഴത്തെ കണക്കില്‍പെടുന്നത്. അനധികൃത ചോര്‍ച്ച തടയാനായാല്‍ നിത്യവും വെള്ളം ലഭ്യാമാക്കാനാകുമെന്നാണ് ജലനിധിയുടെ പ്രോജക്ട് ഓഫീസറായ ഹൈദര്‍ പറയുന്നത്. കൂടാതെ ജലവിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പൊട്ടുന്നതും തലവേദനയായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി നല്‍കിയ വെള്ളകരത്തേക്കാല്‍ ഉയര്‍ന്ന വെള്ളക്കരമാണ് ജലനിധിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. 10000 ലിറ്ററിന് 22 രൂപ മിനിമം നല്‍കിയിരുന്നേടത്ത് ഇപ്പോള്‍ 5000 ലിറ്ററിന് 70 രൂപ നല്‍കണം. വാട്ടര്‍ അതോറിറ്റി ജലനിധിക്ക് നല്‍കുന്ന വെള്ളത്തിന്റെ നിരക്ക് കുറച്ചാല്‍ മാത്രമേ ജലനിധിക്ക് നിരക്ക് കുറക്കുവാന്‍ സാധിക്കുകയുള്ളു.
ഇതിനായി ജലവകുപ്പ് മന്ത്രിയുമായി അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും നിരക്ക് കുറക്കാന്‍ തയ്യാറായില്ല. ജലനിധിയുടെ മേല്‍നോട്ട കാലാവധി വര്‍ദ്ധിപ്പിക്കേണ്ടിവരും. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷക്കാലം ജലനിധി മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനം സാധാരണഗതിയിലാകുന്നതോടെ കൈമാറുകയുമാണ് പതിവ്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കീംലെവല്‍ കമ്മിറ്റികള്‍ക്കാണ് ഇവ കൈമാറുക. മാളയില്‍ വരുന്ന ജൂണില്‍ ജലനിധിയുടെ മേല്‍നോട്ടം ഒരുവര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍ ഈ കാലയളവില്‍ പദ്ധതിയുടെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് എത്തില്ലെന്നുറപ്പാണ്. അതിനാല്‍ തന്നെ ജലനിധിയുടെ മേല്‍നോട്ട കാലാവധി നീട്ടിനല്‍കേണ്ടിവരുമെന്നുറപ്പാണ്.

RELATED STORIES

Share it
Top