'മാളച്ചാലിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം'

മാള: മാളച്ചാലിന്റെ സൗന്ദര്യം മറയ്ക്കുന്ന പരസ്യബോര്‍ഡുകള്‍ നിക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മാള പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്‍വശവും മാള ഗ്രാമ പഞ്ചായത്ത് ഓഫിസിന്റെ അതിരിനോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മാളച്ചാല്‍ ഏറെ പ്രകൃതി രമണിയമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാള ചാലിന്റെ റോഡിനോടു ചേര്‍ന്ന ഭാഗവും പടിഞ്ഞാറു ഭാഗവും ലക്ഷങ്ങള്‍ ചിലവഴിച്ച് കരിങ്കല്‍ഭിത്തി കെട്ടി ഒന്നര മീറ്റര്‍ വീതിയില്‍ ടൈല്‍സ് വിരിച്ച് സ്റ്റീല്‍ കൈവരികള്‍ നിര്‍മിച്ചിരുന്നു. ഈ രണ്ടു ഭാഗങ്ങളിലായി നിന്നുകൊണ്ട് കാഴ്ച കാണുവാനും കാല്‍നടക്കാര്‍ക്ക് വാഹനങ്ങളുടെ തടസമില്ലാതെ സഞ്ചരിക്കാനും സാധിച്ചിരുന്നു. റോഡിനേക്കാള്‍ അല്‍പം ഉയര്‍ത്തി നിര്‍മിച്ചിരുന്ന ഈ ഭാഗത്ത് വഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനായി നിയമവിരുദ്ധമായി ഇരുമ്പ് ഉപയോഗിച്ച് റാമ്പ് നിര്‍മിച്ച് അതിലൂടെ വാഹനങ്ങള്‍ ഈ ടൈല്‍ പാകിയ ഭാഗത്ത് കയറ്റി പാര്‍ക്ക് ചെയ്യുന്നു.
പ്രധാന റോഡിന്റെ ഭാഗത്ത് ഇത്തരത്തില്‍ മനോഹരമാക്കിയയിടത്തിന്റെ സിംഹഭാഗവും കൈയ്യേറി ജലനിധിക്കായി പൈപ്പ് സ്ഥാപിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാല്‍ കാല്‍നടക്കാര്‍ക്കും മാളച്ചാലിന്റെ സൗന്ദര്യം അസ്വദിക്കാന്‍ എത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ മാളച്ചാലിന്റെ കാഴ്ച മറച്ചുവെച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ മറിഞ്ഞു വീണ് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മൗനാനുവാദത്തോടെയാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പലവട്ടം പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ഈ വക കാര്യങ്ങളെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാരില്‍ ആരോപണമുണ്ട്. അടിയന്തരമായി ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്ന വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വാഹനങ്ങള്‍ കയറ്റുവാന്‍ നിയമവിരുദ്ധമായി ഉണ്ടാക്കിയിരിക്കുന്ന റാമ്പും നിക്കം ചെയ്യണമെന്ന് മാള പ്രതികരണവേദി ആവശ്യപ്പെട്ടു. സലാം ചൊവ്വര അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top