മാല മോഷണസംഘത്തിലെ രണ്ടുപേര്‍ ചെങ്ങന്നൂരില്‍ പിടിയില്‍

ചെങ്ങന്നൂര്‍: അന്തര്‍ജില്ലാ മാലമോഷണ സംഘത്തിലെ രണ്ടുപേര്‍ ചെങ്ങന്നൂരില്‍ പോലീസ് പിടിയില്‍. ആലപ്പുഴ രാമങ്കരി പ്ലാഞ്ചിറ വീട്ടില്‍ ആരോമല്‍ രാജേഷ് (23) എടത്വ ചക്കുളത്തുകാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍ (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏഴിന് ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ സ്വര്‍ണ്ണമാലകള്‍ കവര്‍ന്ന സംഭവത്തിലാണ് ഇവരുടെ അറസ്റ്റ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ തേക്കുംകാട്ടില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ മീനു (30) നെ ആക്രമിച്ച്് ബൈക്കിലെത്തിയ ഇവര്‍ ഒമ്പതര പവന്‍ തട്ടിയെടുത്തിരുന്നു.
ആക്രമണത്തില്‍ യുവതിയുടെ തോളെല്ലിനു ഒടിവും സംഭവിച്ചിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന ആറ് പവന്റെ ലോക്കറ്റ് ഉള്‍പ്പെടുന്ന മാലയും, താലി ഉള്‍പ്പെടുന്ന മൂന്നര പവന്‍ വരുന്ന മറ്റൊരു മാലയും ആണ് അന്ന് നഷ്ടപ്പെട്ടത്. ഏഴിന് ഉച്ചയ്ക്ക്  രണ്ടോടെ ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിനു വടക്കുവശം ശബരിമല വില്ലേജ് റോഡിലായിരുന്നു സംഭവം. ചെങ്ങന്നൂര്‍ സി ഐ ദിലീപ് ഖാന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

RELATED STORIES

Share it
Top