മാലിന്യ സംസ്‌കരണത്തിലെ പന്തലൂര്‍ മാതൃക; കാക്രത്തോട് ശുചീകരണം ഇന്ന്

മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാന്‍ ഇന്ന് ജനങ്ങള്‍ ഒത്തൊരുമിക്കും. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂര്‍ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയില്‍ ചേരുന്ന കാക്കറത്തോട് സംരക്ഷിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്.
തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കല്‍, വടക്കാണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിന് ജലസേചനത്തിന്  ഉപയോഗിക്കുന്നതാണ് ഈ തോട്. അരനൂറ്റാണ്ടിനും മുമ്പേ തനിയെ ഉണ്ടായ കാക്കറത്തോടിന് സമാന്തരമായി മറ്റൊരു തോട് കര്‍ഷകര്‍ നിര്‍മിച്ചിട്ടുണ്ട്. ഇരു തോടുകളും ശുചീകരിക്കും. രാവിലെ എട്ടു മണിക്ക് പന്തലുര്‍ ജിഎല്‍പി സ്‌കൂള്‍ മൈതാനത്ത് ഒത്തുചേര്‍ന്ന് വിവിധ ഗ്രൂപ്പുകളായി വിവിധ പ്രദേശങ്ങളിലേക്കു പോകും. പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും വീട്ടമ്മമാരും കര്‍ഷകരും സംഘത്തിലുണ്ടാകും.
തോടിന്റെ ഉദ്ഭവ കേന്ദ്രമായ പന്തലൂര്‍ മലയിലെ തവരക്കൊടി മുതല്‍ മണലിമ്മല്‍, ആനപ്പാത്ത്, കാക്രതോട് ചിറ, കീടക്കുന്ന്, അത്തിക്കുണ്ട്, പൂളക്കല്‍ തോട്, പട്ടാളിപ്പാറ തോട്, മേലേ തെക്കുമ്പാട്, വാലാതോട്, അമ്പലവട്ടം, മൈലാടിപ്പടി, എരങ്കോല്‍ തുടങ്ങി കടലുണ്ടിപ്പുഴയില്‍ ചേരുന്നതു വരെയുള്ള ഭാഗങ്ങള്‍ ശുചീകരിക്കും.തോട്ടിലൊഴുക്കിയ പ്ലാസ്റ്റിക്കും മറ്റു ഖരമാലിന്യങ്ങളും സംഘം നീക്കംചെയ്യും.
അതോടൊപ്പം കാക്കറത്തോടിന്റെ പരിസരത്തുള്ള തെക്കുമ്പാട്, കടമ്പോട്, മായിനങ്ങാടി, പുളിക്കല്‍ തുടങ്ങിയ അങ്ങാടികളും സ്ഥാപനങ്ങളുടെ പരിസരങ്ങളും ശുചീകരിക്കും.ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്റെ ‘നിറവ്’ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് ലോറികളിലാക്കി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആനക്കയം പഞ്ചായത്തിലെ ആറ്, 12 വാര്‍ഡുകളിലെ 1200 വീടുകളിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് മൂന്നായി തരംതിരിച്ച് ചാക്കുകളില്‍ നിറച്ചാണ് കയറ്റിയയച്ചത്. ജൈവമാലിന്യം ശേഖരിച്ച് വളമാക്കിമാറ്റുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട്. ഈ മാസം പന്തലൂരില്‍ നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘവും വാര്‍ഡ് സമിതികളും സംയുക്തമായി നടപ്പാക്കുന്ന ‘മാലിന്യമുക്ത ജലസമ്പന്ന കാക്കറത്തോട്’ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം.
തോട് സംരക്ഷണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന്റെറ മുന്നോടിയായി പരിഷത്ത് കഴിഞ്ഞ ഒക്‌ടോബറില്‍ കാക്കറത്തോട് നീര്‍ത്തട പഠന യാത്ര സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top