മാലിന്യ സംസ്‌കരണം: തൊഴിലുറപ്പ് പദ്ധതി വഴി ഊര്‍ജിതമാക്കും

തിരുവനന്തപുരം: നഗരത്തിലെ മാലിന്യസംസ്‌കരണ പദ്ധതികള്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മേയറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. നഗരപരിധിയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം പദ്ധതിയുമായി ചേര്‍ത്ത് ഇന്റഗ്രേറ്റ് ചെയ്യും. നഗരപരിധിയിലെ പ്രധാനതോടുകള്‍ വൃത്തിയാക്കല്‍, ഓട വൃത്തിയാക്കല്‍, വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍, ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കല്‍, പൂന്തോട്ടം, പുഷ്പകൃഷി എന്നിവ പ്രധാന ആകര്‍ഷണ പദ്ധതിയാക്കി മാറ്റാനാണ് തീരുമാനം. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിപ്രകാരം നഗരപരിധിയിലെ പുതിയ തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ലേബര്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതിനുള്ള കാംപയിന്‍ ഈമാസം അഞ്ചു മുതല്‍ 15 വരെ നഗരസഭാ ജനകീയാസൂത്രണ വിഭാഗത്തിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നും ഒരംഗത്തിന് ലേബര്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷിക്കാമെന്നും യോഗം തീരുമാനിച്ചു. അഞ്ചു കോടി 71 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് നിലവില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. പുതിയ മാനദണ്ഡപ്രകാരം അടുത്ത വര്‍ഷത്തേയ്ക്കുള്ള ലേബര്‍ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ നടപടി തുടരുകയാണ്. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 91.14 ശതമാനം തുക  തിരുവനന്തപുരം നഗരസഭ വിനിയോഗിച്ചിട്ടുണ്ട്. അതില്‍ 22,327 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നഗരസഭ മാതൃകയായി. തൊഴിലുറപ്പ് പദ്ധതി നഗര പരിധിയില്‍ കാര്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് മികച്ച പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിക്കുന്നതില്‍ വനിതകള്‍ക്ക് മുന്‍ഗണന ഉറപ്പാക്കും. എന്നാല്‍ ആകെ ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളുടെ 50 ശതമാനം വനിതകള്‍ക്കായിരിക്കും. എന്നാല്‍ പദ്ധതിയില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യകൂലിക്ക് അര്‍ഹതയുണ്ടായിരിക്കും. തത്വത്തില്‍ കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന  അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം പ്രാവര്‍ത്തികമാക്കാനാണ് യോഗതീരുമാനം. യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. ആര്‍ സതീഷ് കുമാര്‍, സഫീറാബീഗം, ആര്‍ ഗീതാഗോപാല്‍, നഗരസഭാ സെക്രട്ടറി എല്‍ എസ് ദീപ, കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍, അയ്യങ്കാളി സംസ്ഥാന കൗണ്‍സില്‍ അംഗം രാജേന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

RELATED STORIES

Share it
Top