മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേയുള്ള സമരം 39ാം ദിവസത്തിലേക്ക്‌

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പ്രദേശവാസികള്‍ രൂപീകരിച്ച ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 39 ാം ദിവസത്തിലേക്ക്. ജെടി റോഡിലെ പഴയ കെഎസ്ആര്‍ടിസി ഡിപ്പോ കേന്ദ്രത്തിലാണ് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
അറവുശാല കൊണ്ടും ചോളംവയല്‍ ഡ്രൈനേജ് കൊണ്ടും തീരാദുരിതം അനുഭവിക്കുന്ന പരിസരവാസികള്‍ക്ക് മാലിന്യപ്ലാന്റ് എന്ന മറ്റൊരു ദുരിതം കൂടി അടിച്ചേല്‍പ്പിക്കരുത് എന്നാണ് സമരക്കാരുടെ ആവശ്യം. എന്തു വില കൊടുത്തും ഈ കന്ദ്രം ജെടി റോഡില്‍ തന്നെ സ്ഥാപിക്കുമെന്ന് നഗരസഭ ഭരണകൂടം തീരമാനമെടുത്തതോടെയാണ് നാട്ടുകാര്‍ സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്. കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം തന്നെ ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താന്‍ സമരസമിതി തീരുമാനിച്ചത്.
അതേസമയം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളുമാണ് ജെടി റോഡില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ സംഭരിക്കുക എന്നാണ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല സമരരംഗത്തുള്ളവര്‍ക്ക് ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് സംശയം തീര്‍ക്കാനും, അതിന് സമാന കേന്ദ്രങ്ങളിലെത്തിച്ച് പഠിക്കാനും നഗരസഭ വഴിയൊരുക്കുമെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
എന്നാല്‍ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണ് നഗരസഭ ചെയര്‍മാന്റെ ഉദ്ദേശമെന്ന്് സമര രംഗത്തുള്ളവര്‍ പറയുന്നു. ഫെബ്രുവരി ഒന്നാം തിയ്യതി ആരംഭിച്ച സത്യഗ്രഹ സമരത്തിന് സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമരക്കാര്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്ക് പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വടകര ഗസ്റ്റ് ഹൗസിന്റെ മുമ്പില്‍ സൂരദ്യോയം മുതല്‍ സൂര്യാസ്തമയം വരെ ഉപവാസ സമരം നടത്താന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഉപവാസ സമരം കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top