മാലിന്യ സംഭരണ കേന്ദ്രം നിറഞ്ഞു ; പ്രദേശം ദുര്‍ഗന്ധ പൂരിതംകാലടി: പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് വീണത് ജനജീവിതത്തിന് ഭീഷണിയാവുന്നു. മറ്റൂര്‍ കൈപ്പോട്ടൂര്‍ റോഡില്‍ ചെമ്പിച്ചേരിയിലാണ് സംഭരണ കേന്ദ്രം. ചുറ്റുമതിലിനുള്ളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വാഹനത്തില്‍ ഇവിടേക്ക് കൊണ്ടുവന്ന് തള്ളുകയാണ് പതിവ്. സംസ്‌കൃത സര്‍വകലാശാല, വിവിധ വ്യാവസായ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കെടിഡിസിയുടെ ഡിവിഷണല്‍ ഓഫിസ് എന്നിവയെല്ലാം ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെല്ലാം ജോലി ചെയ്യുന്നവര്‍ വളരെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. മലിനകാലത്ത് ഇവിടുന്നുള്ള മലിനജലം ഉടുമ്പഴതോട്ടിലും തുടര്‍ന്ന് പെരിയാറിലുമാണ് ചെന്ന് പതിക്കുന്നത്. പകര്‍ച്ചവ്യാധികളും, മറ്റും ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. രണ്ടാഴ്ച മുമ്പാണ് ഈ പ്രദേശത്ത് സാമസിക്കുന്ന രണ്ട്‌പേര്‍ പനിബാധിച്ച് മരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ ്തുടരുന്നതെന്ന ശക്തമായ ആക്ഷേപമാണ് ഉയരുന്നത്. നാളുകളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷ പോലും വരാത്ത സ്ഥിതിയാണ്. ഇവിടെയടുത്തുള്ള ശ്മശാനത്തില്‍ വരുന്ന ആംബുലന്‍സുകള്‍ പോലും വളരെ കഷ്ടപ്പെട്ടാണ് എത്തുന്നത്. മഴക്ക് മുമ്പ് മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top