മാലിന്യ മുക്ത ജില്ല: 17ന് സംയുക്ത യോഗം വിളിക്കും- ജില്ലാ വികസന സമിതി

കോഴിക്കോട്: ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന എതിര്‍പ്പുകള്‍ രമ്യമായി പരിഹരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കാനും എംഎല്‍എമാര്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി  ജോസ് ആവശ്യപ്പെട്ടു. പദ്ധതിക്കായി മിക്ക പഞ്ചായത്തുകളും ഫണ്ട് വെക്കുകയും പല സ്ഥലത്തും മാലിന്യ ശേഖരണവും നിര്‍മാണ പ്രവൃത്തികളും ആരംഭിക്കുകയും ചെയ്‌തെങ്കിലും നാട്ടുകാരുടെ തെറ്റിദ്ധാരണ മൂലം ചിലയിടങ്ങളില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപൊവാനാവാത്ത അവസ്ഥയാണ്.
ഇക്കാര്യത്തില്‍ ജില്ലയിലെ മുഴുവന്‍ എംപിമാരെയും എംഎല്‍എമാരെയും പ്രശ്‌നമുള്ള പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപന പ്രതിനിധികളെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് 17ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കും. വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യു വി  ജോസ് നേരിട്ട് പരിശോധിക്കാനും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ടം വഹിക്കുന്ന നിര്‍മാണ പ്രവൃത്തി രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്നത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി വയനാട് ചുരത്തില്‍ ജില്ലാ പഞ്ചായത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി യോഗത്തില്‍ അറിയിച്ചു. മുവ്വായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിപാഹരം കാണണമെന്ന് പി ടി എ റഹീം എംഎല്‍എ ആവശ്യപ്പെട്ടു. കുറ്റിയാടി ജലസേചന പദ്ധതിയില്‍ നിന്ന് വടകരയിലെ കനാല്‍ ശൃംഖലയിലേക്ക് വെള്ളമെത്തുന്നതിനുള്ള തടസ്സം പരിഹരിക്കണമെന്നും വടകരയില്‍ ചിക്കന്‍ പോക്‌സ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനെതിരേ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും സി കെ നാണു എംഎല്‍എ ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍ നിര്‍ണയത്തിന്റെ പുരോഗതി അറിയിക്കാന്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ ആവശ്യപ്പെട്ടു.
മല്‍സ്യത്തൊഴിലാളി പുനരധിവാസത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള മൂല്യനിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് കെ ദാസന്‍ എംഎല്‍എയ്ക്ക് കലക്ടര്‍ ഉറപ്പു നല്‍കി. വാണിമേല്‍, മാഹി പുഴക്കാനും വൃത്തിയാക്കും സര്‍വേ ചെയ്യാനും നടപടി സ്വീകരിക്കണമെന്ന ഇ കെ വിജയന്‍ എംഎല്‍എയുടെ ആവശ്യത്തിന്മേല്‍ റിവര്‍ മാനെജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
കെഎസ്ഇബി ലൈന്‍ മാറ്റാത്തതിനാല്‍ വേളം പഞ്ചായത്തില്‍ റോഡ് പണി തടസ്സപ്പെട്ടിരിക്കുന്നതായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയില്‍ 1390 വീടുകള്‍ ഇതിനകം ജില്ലയില്‍ പൂര്‍ത്തിയായതായി യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ പോയി അധാര്‍ എന്റോള്‍മെന്റ് നടത്തി വരുന്നതായി അക്ഷയ ജില്ലാ പ്രോജക്ട് മാനെജര്‍ അറിയിച്ചു. ഇതിനകം 2500 ല്‍പരം കാര്‍ഡുകള്‍ ഇങ്ങനെ നല്‍കിയിട്ടുണ്ട്. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗങ്ങള്‍ എംഎല്‍എമാര്‍ക്കു കൂടി സൗകര്യപ്രദമായ തീയതികളില്‍ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top