മാലിന്യമുക്ത ചാലിയാര്‍; നിരീക്ഷണത്തിനായി സിസിടിവി കാമറകളും

നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനൊപ്പം ഇതിനെ അടിസ്ഥാനമാക്കി നിയമ നടപടികളും സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി പുതിയ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂച്ചക്കത്ത് വളവ്, മുട്ടിക്കടവ്, കാറ്റാടിക്കടവ്, മുപ്പിനി, കാട്ടിച്ചിറ, ഈച്ചമ്പത്തൂര്‍ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്്് മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം കവാടത്തിന് സമീപം സിസിടിവി പ്രവര്‍ത്തിപ്പിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. നിലമ്പൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍ അധ്യക്ഷത വഹിക്കും.
നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കറിയ്യ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സ്വപ്‌ന, പി ടി ഉസ്മാന്‍, ആലീസ് അമ്പാട്ട്, സി ടി രാധാമണി, സുഭാഷ്, ഇ എ സുകു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി വര്‍ഗീസ്, ഒ ടി ജയിംസ്, സറീന മുഹമ്മദലി, ഇസ്മായില്‍ മൂത്തേടം, ടി പി അഷ്‌റഫ് അലി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
മാലിന്യമുക്ത ചാലിയാറിനായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 193 കോടിയുടെ ജനകീയ പദ്ധതിയാണ് നടപ്പാക്കുന്നത്.
ബ്ലോക്ക് പരിധിയില്‍ വരുന്ന ചാലിയാര്‍ പുഴയുടെ ഭാഗവും അതിന്റെ 12 പോഷക നദികളും അതിലേക്കുള്ള നീര്‍ച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജല സ്രോതസ്സുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും.
ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്്, റിവര്‍ മാനേജ്‌മെന്റ്് ഫണ്ട്, സിഎസ്ആര്‍ ഫണ്ട്് എന്നിവ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാവും.
ബോധവല്‍ക്കരണത്തിനായി നാടകം, ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിത്യസ്തമായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി നടക്കും.

RELATED STORIES

Share it
Top