മാലിന്യപ്രശ്‌നം: നെന്മാറ പഞ്ചായത്തില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു

നെന്മാറ: നെന്മാറ ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌ക്കരണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. കല്യാണ മണ്ഡപങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കണം.
മാലിന്യ പ്ലാന്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് 1.05 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതോടെ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമന്‍ പറഞ്ഞു. നെന്മാറയിലെയും, വല്ലങ്ങിയിലേയുമുള്‍പ്പെടെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ ജനവാസ മേഖലയായ വക്കാവിലെ മാലിന്യ കേന്ദ്രത്തിലാണ് ഇതുവരെ നിക്ഷേപിച്ചുകൊണ്ടിരുന്നത്. മാലിന്യങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പ്രദേശവാസികളുടെ പ്രതിഷേധത്തിനും സമരത്തിനും കാരണമായതോടെയാണ് മാലിന്യ സംസ്‌ക്കരണത്തിന് ശക്തമായ നടപടിയുണ്ടായത്.
പദ്ധതിയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌ക്കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സബ്‌സിഡി നല്‍കും. കൂടാതെ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഒരു ടണ്‍ ശേഷിയുള്ള ആറ് മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും. ഗ്രാമപ്പഞ്ചായത്തിന്റെ പതിനഞ്ച് ഭാഗങ്ങളിലായി മാലിന്യ തൊട്ടി സ്ഥാപിക്കും. വേലയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. വേല കഴിഞ്ഞാന്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായും ഇവ നീക്കം ചെയ്യാന്‍ ദിവസങ്ങളോളം വേണ്ടിവരുന്നതിനാലാണ് കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി കാമറകള്‍ സ്ഥാപിക്കും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളിലും നിന്നും മാലിന്യങ്ങള്‍ പൊതുഇടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. മാലിന്യങ്ങളെ ഉറവിടത്തില്‍ നിന്നു തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാമറ സ്ഥാപിക്കുന്നത്.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേിപിച്ചാല്‍ 25,000 രൂപവരെ പിഴയീടാക്കും. ഗ്രാമപഞ്ചായത്തില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളില്‍ സ്വന്തമായി മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉറപ്പാക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും, നിലവിലുള്ളവയുടെ ലൈസന്‍സ് പുതുക്കുമ്പോഴും മാലിന്യ സംവിധാനമൊരുക്കിയതിന്റെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്കുമാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കല്യാണ മണ്ഡപങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും. ഇത്തരം കേന്ദ്രങ്ങളില്‍ സ്വന്തമായി മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തണം.

RELATED STORIES

Share it
Top