മാലിന്യത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ഭരണ- പ്രതിപക്ഷ കക്ഷികള്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: മാലിന്യ സംസ്‌കരണത്തില്‍ ദിശാബോധമില്ലാത്ത ഭരണ നേതൃത്വം മഞ്ചേരിയില്‍ ജന ജീവിതത്തിന് വെല്ലുവിളിയാവുന്നു. ഭരണ - പ്രതിപക്ഷ കക്ഷികള്‍ മാലിന്യ സംസ്‌കരണത്തില്‍ വിജയമവകാശപ്പെടാനുള്ള പോരാട്ടത്തിനാണ് ന ഗരം സാക്ഷിയാവുന്നത്. ഇരു വിഭാഗവും നഗര മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്താണ് രംഗത്തുള്ളത്. രാഷ്ട്രീയ പ്രേരിത മാലിന്യ പോരാട്ടത്തില്‍ പക്ഷം പിടിക്കാനാവാതെ ജനം വലയുമ്പോള്‍ ഇരു പദ്ധതികളുടേയും വിജയം ജനകീയത ഉറപ്പാക്കാനാവാതെ അനിശ്ചിതാവസ്ഥയിലാണ്.ഹരിത നഗരം പദ്ധതിയുടെ ഭാഗമായാണ് ഖരമാലിന്യ സംസ്‌കരണത്തിന് നഗരസഭ തുടക്കം കുറിച്ചിരുന്നു. ഗീന്‍ വേംസ് ഏജന്‍സിയുടെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷന്‍ അംഗീകാരമുള്ള രാജീവ് യൂത്ത് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് നഗരസഭ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അന്‍പതു വാര്‍ഡുകളെ അഞ്ചു മേഖലകളാക്കി തിരിച്ച് അഞ്ചു ദിവസം കൊണ്ട്്് അതാത് പ്രദേശങ്ങളിലെ മാലിന്യം ശേഖരിച്ച്് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിച്ച്്് തരംതിരിച്ച്്് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നതാണ് പദ്ധതി. വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന് രണ്ടു മാസത്തിനകം നടപടിയാവും. തുടര്‍ഘട്ടത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണവും ആരംഭിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് നഗരസഭാധ്യക്ഷ വ്യക്തമാക്കിയിരു ന്നു.എന്നാല്‍ മാലിന്യ പ്രശ്‌നത്തില്‍ നഗരസഭാ ഭരണസമിതിയുടെ മെല്ലെപോക്കു നയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാര്‍ഡുകളില്‍ ‘മാനിസ’ എന്ന ചുരുക്കപേരില്‍ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടപ്പാക്കുന്ന മാലിന്യ ശേഖരണ-സംസ്‌കരണ പദ്ധതി ഇതിനകം വിജയം വരിച്ചതാണ്. ഈ പദ്ധതി നാലുഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മാലിന്യ സംസ്‌കരണത്തില്‍ സ്വന്തം പദ്ധതി നടപ്പാക്കി ഭരണ സമിതി രംഗത്തു വന്നിരിക്കുന്നത്.പ്രതിപക്ഷ വാര്‍ഡുകളില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഓ രോ വീടുംകള്‍ക്കും നല്‍കിയാണ് ‘മാനിസ’ പദ്ധതി നടപ്പാക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം സംഭരിച്ച് അവ ശേഖരിച്ചാണ് സംസ്‌കരണ കേ്ന്ദ്രങ്ങളിലേക്കയക്കുന്നത്. ഇതിനു സമാനമായ പദ്ധതിയാണ് നഗരസഭയും വിഭാവനം ചെയ്തിരിക്കുന്നത്. രാജീവ് യൂത്ത് ഫൗണ്ടേഷനുമായി ചേര്‍ന്നാവിഷ്‌ക്കരിച്ച പദ്ധതിക്ക് മാസങ്ങള്‍ക്കു മുമ്പ് കൗണ്‍സില്‍ അംഗീകാരമായെങ്കിലും പ്രാവര്‍ത്തികത വൈകുകയായിരുന്നു. എല്ലാ വാര്‍ഡുകളിലേയും ജൈവ, അജൈവ മാലിന്യങ്ങള്‍ നാലു വിഭാഗമാക്കി തിരിച്ച് സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിയ്ക്കുന്നതാണ് പദ്ധതി.

RELATED STORIES

Share it
Top