മാലിന്യകേന്ദ്രം പൂന്തോട്ടമാവാനൊരുങ്ങുന്നു; മാതൃകാ പ്രവര്‍ത്തനവുമായി സൃഷ്ടി ക്ലബ്

ആലത്തൂര്‍: പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചീനാമ്പുഴതോടിന്റെ ബണ്ട് ഒരു കാലം വരെ മാലിന്യ കേന്ദ്രമായിരുന്നു. പരിസരത്തെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൊണ്ടിടുന്ന മാലിന്യത്തൊട്ടി.  മാലിന്യത്തിന്റെ വളക്കൂറില്‍ കാടുപിടിച്ചു കിടന്നപ്പോള്‍ അത് ഇഴജന്തുക്കളുടെ താവളവുമായി. കനത്ത മഴയില്‍ മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകി പാടങ്ങളിലെത്തുന്നതും പതിവായി. ഇതു നീക്കി പൂന്തോട്ടമൊരുക്കാനുള്ള ശ്രമത്തിലാണ് ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയരികില്‍ കടമ്പിടിയ്ക്ക് സമീപമുള്ള മാലിന്യകേന്ദ്രമാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കി ശുചീകരിച്ചത്.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കി വള്ളിപ്പടര്‍പ്പുകളും പുല്ലും പൂര്‍ണ്ണമായി മാറ്റി, ജൈവ മാലിന്യങ്ങള്‍ കുഴിയെടുത്ത സംസ്‌ക്കരിക്കുകയും ചെയ്തു.
ഇങ്ങിനെ മാലിന്യം മാറ്റിയതോടെ ലഭിച്ച സ്ഥലത്താണ് കണിക്കൊന്നയും, വേപ്പും, വിവിധ തരം പൂച്ചെടികളും ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ വച്ചുപിടിപ്പിച്ച് പൂന്തോട്ടമൊരുക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര വഴി നടപ്പിലാക്കുന്ന 100 മണിക്കൂര്‍ ഗ്രാമീണ മേഖലയില്‍ ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

RELATED STORIES

Share it
Top