മാലിന്യം നിറഞ്ഞ് മിനി സിവില്‍ സ്റ്റേഷന്‍: മേലധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്ന്

ആലത്തൂര്‍: ഭരണസിരാ കേന്ദ്രമായ ആലത്തൂര്‍ സ്വാതി ജങ്ഷനിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ ശുചിത്വമില്ലെന്ന് പരാതി. ഇരുപതിലധികം ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്‌റ്റേഷനിലെ മൂത്രപ്പുരകള്‍ക്കകത്ത് പ്രവേശിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ദിവസേന നൂറുകണക്കിന് ആളുകള്‍ വന്നു പോവുന്ന സ്ഥലത്താണ് ഈ ദുരവസ്ഥ. ഓരോ ഓഫിസിനുള്ളിലും പ്രത്യേകമായി സ്വീപ്പര്‍ തസ്തിക ഉണ്ടെങ്കിലും ഇവരാരും സിവില്‍ സ്‌റ്റേഷന്‍ പരിസരം ശുചീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ സിവില്‍ സ്‌റ്റേഷന്റെ പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സ്ഥിതിയാണ്. ചെടികളുടെ വള്ളികള്‍ കെട്ടിടത്തിലേക്ക് പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
പൈപ്പ് പൊട്ടി ബാത്ത്‌റൂമിലെ അഴുക്കുജലം പുറത്ത്‌കെട്ടി കിടക്കുകയാണ്. ഇത് മേലധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. സിവില്‍ സ്‌റ്റേഷന്റെ  കോണിപ്പടി ഭാഗങ്ങളും വരാന്തയും പൊടിപടലങ്ങളും ചപ്പുചവറും നിറഞ്ഞിരിക്കുകയാണ്. സിവില്‍ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കാന്‍ പ്രത്യേകം സ്റ്റാഫിനെ നിയമിക്കണമെന്നാണ് മറ്റ് ഓഫിസുകളിലെ ജീവനക്കാര്‍ പറയുന്നത്.

RELATED STORIES

Share it
Top