മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

വടകര: കരിമ്പന തോട്, ഒവി തോട് എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനം. കരിമ്പന തോടിലേക്ക് 61 ഓളം സ്ഥാപനങ്ങളും, ഒവി തോടിലേക്ക് 82 ഓളം സ്ഥാപനങ്ങളും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ഒവി തോട്, കരമ്പിന തോട് മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ താലൂക്ക് വികസന സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 11 മണിക്ക് വടകര എംഎല്‍എ സികെ നാണുവിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനിച്ചത്.
കരിമ്പന തോടിന് സമീപത്ത് അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള ബാക്കിയുള്ള സര്‍വ്വെ നടപടി ചെയ്യാനായി തഹസില്‍ദാരെ യോഗം ചുമതലപ്പെടുത്തി. ഒവി തോടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതും, വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്ത കുഞ്ഞിരാമന്‍ വക്കീല്‍ പാലത്തിന്റെ പ്രവൃത്തി നടക്കുമ്പോള്‍ കിടങ്ങ് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയതുമാണ് തോടിന്റെ ഒഴുക്ക് ശരിയായ രീതിയില്‍ നടക്കാതിരിക്കാനും കാരണമായത്. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഒവി തോടില്‍ മലിന ജലം കെട്ടിക്കിടക്കുന്നത്. ഇതില്‍ നഗരത്തിലെ സ്ഥാപനങ്ങളിലെയും മല്‍സ്യമാര്‍ക്കറ്റിലെയും മാലിന്യം വരുന്നതാണ് പ്രധാന കാരണമെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യോഗത്തില്‍ പങ്കെടുത്ത ഒവി തോടിന് സമീപത്തുള്ള പ്രദേശവാസികള്‍ ഒവി തോട് മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള ചെളി നീക്കം ചെയ്ത്, ഒവി തോടിന് ഇരുവശങ്ങളിലും കെട്ടി ഉയര്‍ത്തി സ്ലാബ് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യത്തില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെങ്കില്‍ ശാശ്വത പരിഹാരമുണ്ടാവില്ലെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് പ്രശ്‌നമില്ലെന്ന തരത്തിലാണ് യോഗത്തില്‍ സംസാരിച്ചത്.

RELATED STORIES

Share it
Top