മാലിന്യംതള്ളുന്നതിനെതിരേ പരാതിപ്രവാഹം: കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

കാസര്‍കോട്്: മാലിന്യം തള്ളുന്നതും പൊതു സ്ഥലങ്ങളില്‍ കത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ വാട്‌സ് ആപ് നമ്പറിലൂടെ പരാതി നല്‍കാമെന്ന ജില്ലാ ഭരണകൂടത്തിന്റ നിര്‍ദേശത്തിന് മികച്ച പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍ദേശം നല്‍കി. ബദിയടുക്ക പഞ്ചായത്തില്‍ മീഞ്ചടുക്ക-ചെര്‍ക്കള-കല്ലടുക്ക റോഡില്‍ കോഴി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതുമൂലം ദുര്‍ഗന്ധവും യാത്രക്കാര്‍ക്കും പ്രദേശത്തുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സംബന്ധിച്ചു സത്വര നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുന്നതിനായി ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പടന്നക്കാട് സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്തു പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സ്ഥിരമായി കത്തിക്കുന്നത് സംബന്ധിച്ച് നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ അളറായി വയലില്‍ വീടിനടുത്തു അയല്‍വാസി വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ തള്ളി ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച് അന്വേഷിച്ചു നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കോടോം-ബേളൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പറക്കളായി അയ്യങ്കാവ് നെല്ലിയേര ഭാഗത്തു തോട്ടില്‍ തടയിണ കെട്ടുന്നതിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികള്‍ പ്ലാസ്റ്റിക്ക് മണല്‍ ചാക്കുകള്‍ ഉപേക്ഷിച്ചത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു.
ചെങ്കള പഞ്ചായത്തില്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റ് പരിസരത്ത വ്യാപാരികള്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് നടപടി എടുക്കണമെന്ന് ചെര്‍ക്കള പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. കൂടാതെ ചെങ്കള ഭാഗത്തുള്ള കടകളിലും മറ്റും ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവിടെയുള്ള കടല്‍ത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നതെന്നും റോഡ് വശങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം നടത്തുന്നത് സംബന്ധിച്ചു നടപടി എടുത്തു ഒരാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മഞ്ചേശ്വരം ദേശീയപാതയിലും റെയില്‍വേ സ്റ്റേഷന്‍ റോഡിലും പൊതുസ്ഥലത്തും മാലിന്യങ്ങള്‍ തള്ളി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച് നടപടി എടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിത്യവും കത്തിക്കുന്നത് മൂലം പരിസരത്തുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ശ്വസതടസം, അലര്‍ജി രോഗങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top