മാലദ്വീപ് മുന്‍ പ്രസിഡന്റിനും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും 19 മാസം തടവുശിക്ഷ

മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും സിറ്റിങ് ചീഫ് ജസ്റ്റിസിനെയും കുറ്റവാളികളെന്ന് കണ്ടെത്തി 19മാസം തടവിനു ശിക്ഷിച്ചു. സപ്തംബറില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാംവട്ടം പ്രസിഡന്റാവാന്‍ ഒരുങ്ങുന്ന പ്രസിഡന്റ് അബ്ദുല്ല യമീനിന് അനുകൂല സാഹചര്യമൊരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. മൗമൂന്‍ അബ്ദുല്‍ ഗയും മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയിലിരുന്നയാളാണ്. പോലിസ് അന്വേഷണത്തിനായി മൊബൈല്‍ ഫോണുകള്‍ കൈമാറിയില്ല എന്നതാണ് ഗയൂമിനെതിരെയും ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, സുപ്രിംകോടതി ജസ്റ്റിസ് അലി ഹമീദ് എന്നിവര്‍ക്കെതിരേയുമുള്ള കേസ്. 19മാസവും ആറ് ദിവസവും ശിക്ഷ അനുഭവിക്കണം.2012ല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പോലിസ് അട്ടിമറിയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്നുമുതല്‍ മാലദ്വീപില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി 2015ല്‍ മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

RELATED STORIES

Share it
Top