മാലദ്വീപ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍

മാലെ: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് സമീപം പുറം  കടലില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടു. ഒരു യുദ്ധക്കപ്പല്‍, ഫ്രഗേറ്റ്, കരയിലും വെള്ളത്തിലും ഉപയോഗിക്കുന്ന ബോട്ടുകള്‍എന്നിവ ഇന്ത്യാ സമുദ്രത്തില്‍ പ്രവേശിച്ചതായി സിനായ് ഡോട്ട് കോം ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. ഏതു സമയത്താണ് കപ്പലുകള്‍ നങ്കൂരമിട്ടതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ചൈനീസ് അധികൃതര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രക്ഷാപ്രവര്‍ത്തന പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും കഴിഞ്ഞ വെള്ളിയാഴ്ച ചൈനീസ് സൈന്യത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വിസോയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മാലദ്വീപിനടുത്ത് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ആസ്‌ത്രേലിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കൂടി ചൈനീസ് കപ്പലുകളുടെ സാന്നിധ്യം പതിവാണ്. മാലദ്വീപില്‍ നിന്നും 2,500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയതെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top