മാലദ്വീപില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ സഹായമെന്ന് മൗമൂന്‍

മാലെ: മാലദ്വീപില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്കെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയ്യൂം. അബ്ദുല്ല യമീന്റെ ഭരണത്തില്‍ മാലദ്വീപിനു വലിയതരത്തില്‍ നാശനഷ്ടം സംഭവിച്ചതായും പുതിയ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2008 വരെ മൂന്നു ദശാബ്ദങ്ങളാണ് ഗയ്യൂം ഉരുക്ക് മുഷ്ടിയോടെ മാലദ്വീപ് ഭരിച്ചത്. അദ്ദേഹം ജയില്‍മോചിതനായിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. സപ്തംബര്‍ 23ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സാലിഹ് ഭരണാധികാരി യമീനെതിരേ മല്‍സരിച്ചു വിജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാലദ്വീപില്‍ യമീന്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, യമീന്റെ അര്‍ധസഹോദരന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. സംഭവത്തില്‍ യമീനെതിരായ ജനവികാരം ശക്തിപ്പെട്ടതാണ് തിരഞ്ഞെടുപ്പില്‍ യമീന്റെ പരാജയകാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിപക്ഷം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നു യമീന്‍ ആരോപിച്ചിരുന്നെങ്കിലും സുപ്രിംകോടതി ഈ വാദം തള്ളി ഫലം പ്രഖ്യാപിക്കുകയായിരുന്നു. നവംബര്‍ 17ന് അധികാരം കൈമാറും.

RELATED STORIES

Share it
Top