മാലദ്വീപില്‍ ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അറസ്റ്റില്‍

മാലദ്വീപില്‍ ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അറസ്റ്റില്‍മാലി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കം രണ്ടു ജഡ്ജിമാരും പ്രതിപക്ഷ നേതാവും അറസ്റ്റില്‍. ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജസ്റ്റിസ് അലി ഹമീദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സൈന്യം സുപ്രിംകോടതി വളയുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരേ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നു വ്യക്തമല്ല. പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മൗമൂന്‍ അബ്ദുല്‍ ഖയ്യൂമിനെയും ജാമാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തതായി മകള്‍ അറിയിച്ചു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയത്തടവുകാരെ കുറ്റവിമുക്തരാക്കണമെന്നു കഴിഞ്ഞയാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിവിധി നടപ്പാക്കാന്‍ ഭരണകൂടം വിസമ്മതിച്ചതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമായിരുന്നു. ഭരണപക്ഷം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്നു യുഎസില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനു സൈന്യത്തെ അയക്കണമെന്നു മാലദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടി അഭ്യര്‍ഥിക്കുകയാണെന്നു നഷീദ് ട്വീറ്റ് ചെയ്തു. ന്യായാധിപരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പൗരന്‍മാരുടെ ചില അവകാശങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതു സഞ്ചാരത്തെയും ഓഫിസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇതു ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. തടവുകാരെ വിട്ടയക്കാനുള്ള കോടതി ഉത്തരവ് സര്‍ക്കാരിന്റെ അധികാരത്തിന്‍മേലുള്ള അതിക്രമവും ദേശീയ സുരക്ഷയിലും പൊതു താല്‍പ്പര്യത്തിലുമുള്ള കടന്നുകയറ്റവുമാണെന്നു കാണിച്ച് സര്‍ക്കാര്‍ കോടതിക്കും നോട്ടീസയച്ചു. മാലദ്വീപിലെ അനിശ്ചിത സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ, ചൈന, ആസ്‌ത്രേലിയ, യുഎസ്, യൂറോപ്യന്‍ യൂനിയന്‍ ആശങ്ക രേഖപ്പെടുത്തി.

RELATED STORIES

Share it
Top