മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ സര്‍ക്കാര്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക ചാനലിലൂടെ മാലി നിയമകാര്യ മന്ത്രി അസീമ ശക്കൂര്‍ ആണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ആന്ത്രാരാഷ്ട്ര സമൂഹം പ്രസിഡന്റ് അബ്ദുല്ലാ യമീനിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്ത്രരാലസ്ഥാ പ്രഖ്യാപനം.
പ്രതിപക്ഷ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്ന് ഭരണപക്ഷം തിങ്കളാഴ്ച അറിയിച്ചിരുന്നു. കോടതി പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അതു ഭരണഘടനാ വിരുദ്ധമാണെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ ആരോപിച്ചിരുന്നു. ഞായറാഴ്ച പാര്‍ലമെന്റ് അടച്ചുപൂട്ടി സൈന്യം രണ്ടു പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട 12 എംപിമാരെ തിരിച്ചെടുക്കണമെന്നു സുപ്രിംകോടതി ഉത്തരവിട്ടതോടെ 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും. അതിനാലാണ് കോടതിവിധി അട്ടിമറിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ ആഴ്ച്ച  മുന്‍ പ്രസിഡന്റ് നഷീദടക്കം ഒമ്പതു രാഷ്ട്രീയ തടവുകാര്‍ക്കെതിരായ വിചാരണ നടപടികള്‍ കോടതി റദ്ദാക്കുകയും അവരെ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഭരണ ഘടനാവിരുദ്ധമായാണ് വിചാരണ നടക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top