മാറാരോഗത്തിന് ചികില്‍സ നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍

വടകര: മാറാ രോഗത്തിന് ചികില്‍സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികില്‍സ നടത്തിയ അഴിയൂര്‍ യമുന മാധവില്‍ രാഗേഷ് മാധവ് (46) ആണ് പിടിയിലായത്.
വ്യാജ ചികില്‍സ നടത്തി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് റീജിയണല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൂടാതെ സ്ഥാപനത്തില്‍ നിന്ന് പത്ത് പെട്ടികളിലായി സൂക്ഷിച്ച അലോപതി മരുന്നുകളും പിടിച്ചെടുത്തു.
ഇയാള്‍ക്ക് ചികില്‍സ നടത്താനുള്ള ലൈസന്‍സോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ ഇല്ല. വടകര ദേശീയപാതയിലെ പഴങ്കാവ് റോഡില്‍ റോണി എന്ന വാടക വീട്ടിലാണ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാതെ മാസങ്ങളായി ഇയാള്‍ ചികില്‍സ നടത്തിവരുന്നത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നൂറു രൂപ വില വരുന്ന വിറ്റാമിന്‍ ഗുളികകള്‍ 1500 ഓളം രൂപ ഈടാക്കിയാണ് രോഗികള്‍ക്ക് നല്‍കിയത്.
ഈ സ്ഥാപനത്തില്‍ മരുന്ന് സൂക്ഷിക്കുന്നതിനോ വില്‍പന നടത്തുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഡ്രഗ്‌സ് കണ്‍ട്രോള്‍ അനുമതിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ന്യൂട്രീഷന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ചിക്തിസ നടത്തിയതെങ്കിലും ഇത് തെളിയിക്കാനുള്ള ഒരു രേഖകളും പ്രതിയുടെ കയ്യില്‍ നിന്നു ലഭിച്ചില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീസ് പറഞ്ഞു.
പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരേ തുടരന്വേഷണം ആരംഭിച്ചതായും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. വടകര സിഐ ടി മധുസൂദനന്‍ നായരടങ്ങുന്ന പോലിസ് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ പിവി നൗഫല്‍, കെ ഇന്ദു, നീത എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top