മാറാക്കരയില്‍ സാമ്പാര്‍ മുന്നണി തകര്‍ന്നു ; പ്രസിഡന്റ് രാജിവച്ചുപുത്തനത്താണി: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ സാമ്പാര്‍ മുന്നണി തകര്‍ന്നു. ഒന്നര വര്‍ഷമായി ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടായ ജനകീയ വികസന മുന്നണിക്കാണ് ഇതോടെ അന്ത്യമായത്. മുസ്്‌ലിംലീഗും കോണ്‍ഗ്രസും ഒന്നിച്ച് യുഡിഎഫ് സംവിധാനം വന്നതോടെയാണ് വികസന മുന്നണി തകര്‍ന്നത്. ഇതോടെ നിലവിലെ പ്രസിഡന്റായിരുന്ന മുന്‍ ഡിസിസി നേതാവ് വി മധുസൂദനന്‍ സ്ഥാനം രാജിവച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനത്തെ ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ്, ലീഗ്  നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാന പ്രകാരമാണ് കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ തീരുമാനിച്ചത്. മധുസൂദനന്‍് കോണ്‍ഗ്രസ് ഓഫിസില്‍ നിന്നു പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് പഞ്ചായത്തില്‍ വികസന മുന്നണി നിലവില്‍ വന്നത്. മുസ്്‌ലിംലീഗും കോണ്‍ഗ്രസ്സും വെവേറെയായി മല്‍സരിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും ഭരണം പങ്കിടുകയും ചെയ്തു. യുഡിഎഫിലെ ഇപ്പോഴത്തെ ധാരണയനുസരിച്ച് മുസ്്‌ലിംലീഗ് അടുത്ത മൂന്നര വര്‍ഷത്തിലെ ആദ്യ പകുതി പ്രസിഡന്റാവും. ഇതനുസരിച്ച് എ പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ക്കാണ് സാധ്യത. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കും. അവസാന പകുതി കോണ്‍ഗ്രസ് പ്രസിഡന്റും, മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റു സ്ഥാനവും അലങ്കരിക്കും. നിലവിലെ വൈസ് പ്രസിഡന്റ് വി പി സമീറ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രസിഡന്റിനെ പദവി വഹിക്കും.

RELATED STORIES

Share it
Top