മാര്‍പാപ്പ ഇടപെട്ടുബിഷപ്പിനെ നീക്കി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലിസ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മാര്‍പാപ്പ ഇടപെട്ട് രൂപതയുടെ ചുമതലകളില്‍ നിന്നു നീക്കി. ഫ്രാങ്കോയ്ക്ക് പകരമായി മുംബൈ അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനെ ജലന്ധര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയമിച്ചതായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ നടക്കുന്ന പോലിസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ബിഷപ് മാര്‍പാപ്പയ്ക്കു കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണ് താല്‍ക്കാലികമായി നീക്കിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചതു മുതല്‍ തന്നെ ഫ്രാങ്കോയെ ചുമതലയില്‍ നിന്നു മാറ്റാനുള്ള നീക്കങ്ങള്‍ വത്തിക്കാനില്‍ നിന്ന് ആരംഭിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വത്തിക്കാന്‍ ഇടപെട്ട് ബിഷപ്പിനെ നീക്കിയെന്നു വരാതിരിക്കാന്‍, തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കത്ത് നല്‍കണമെന്ന് വത്തിക്കാന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കത്തയച്ചതെന്നുമാണ് വിവരം.
ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് നല്‍കിയപ്പോള്‍ ബിഷപ് ഫ്രാങ്കോ തന്റെ അധികാരമുപയോഗിച്ച് രൂപതയുടെ ഭരണച്ചുമതല മോണ്‍സിഞ്ഞേര്‍ ഫാ. മാത്യു കോക്കണ്ടത്തിന് താല്‍ക്കാലികമായി കൈമാറിയിരുന്നു.
താന്‍ രൂപതയില്‍ ഇല്ലാതിരിക്കുമ്പോള്‍ സാധാരണ ചെയ്യാറുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് ഇതെന്നായിരുന്നു ഇതേക്കുറിച്ച് അന്നു ഫ്രാങ്കോ രൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഈ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഇപ്പോള്‍ വത്തിക്കാന്‍ ഇടപെട്ട് പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top