മാര്‍പാപ്പയാണ് തീരുമാനിക്കേണ്ടതെന്ന നിലപാടിനോട് യോജിപ്പില്ലെന്ന് കോടതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹരജി ഹൈക്കോടതി അടുത്തമാസം അഞ്ചിന് പരിഗണിക്കും.
കര്‍ദിനാളിനെതിരെയുള്‍പ്പെടെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സഭയുടെ ആഭ്യന്തര ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേസെടുക്കാനാവില്ലെന്ന് വാദത്തിനിടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കാനോനിക നിയമ പ്രകാരമാണ് സഭയുടെ ഭരണം. സഭയുടെ സ്വത്തിന്റെ മേലധികാരി മാര്‍പാപ്പയാണ്. ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതും മാര്‍പാപ്പയാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
സിറോ മലബാര്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ പോപ്പിന് അധികാരമുള്ളൂവെന്നാണ് കരുതുന്നതെന്നും സ്വത്ത് വില്‍പന പോലെ സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ പോപ്പാണ് തീരുമാനമെടുക്കേണ്ടതെന്ന ആര്‍ച്ച് ബിഷപ്പിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും കോടതി പറഞ്ഞു.
സഭയുടെ സ്വത്ത് സഭാംഗങ്ങളുടേതാണെന്നും കാനോനിക നിയമം ഇന്ത്യയില്‍ ബാധകമല്ലായെന്നും ഹരജിക്കാരന്‍ വാദിച്ചു.
തുടര്‍ന്നാണ് കേസ് അടുത്തമാസം  പരിഗണിക്കാനായി മാറ്റിയത്.

RELATED STORIES

Share it
Top