മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

1968 ഏപ്രില്‍ നാലിന് വൈകുന്നേരമാണ് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വെടിയേറ്റു മരിച്ചത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ വിമോചനത്തിന്റെ ശബ്ദമായിരുന്നു അദ്ദേഹം. തന്റെ സമൂഹത്തിനു നേരെ നടക്കുന്ന വംശീയമായ അതിക്രമങ്ങളെയും സാമ്പത്തികമായ ചൂഷണത്തെയും അദ്ദേഹം ശക്തിയുക്തം ചെറുത്തു. ക്രൈസ്തവ പുരോഹിതനായിരുന്ന ഡോ. കിങ്, ദേവാലയങ്ങളിലെ തന്റെ പ്രഭാഷണങ്ങളിലൂടെയാണ് കറുത്തവര്‍ഗക്കാരെ ഉത്തേജിപ്പിച്ചത്.
1965ല്‍ അദ്ദേഹം നടത്തിയ 'വി ഷാല്‍ ഓവര്‍കം' അഥവാ, നമ്മള്‍ അതിജീവിക്കും എന്ന പ്രഭാഷണം കഴിഞ്ഞ അരനൂറ്റാണ്ടില്‍ ലോകത്തെ പിടിച്ചുകുലുക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്ത മഹാപ്രഭാഷണമായാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസ് എന്ന പട്ടണത്തില്‍ പ്രഭാഷണത്തിനെത്തിയ ദിവസമാണ് അദ്ദേഹം വെടിയേറ്റുമരിച്ചത്. അന്ന് അദ്ദേഹത്തിന് 39 വയസ്സ് പ്രായമായിരുന്നു. അതിനു നാലു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വിയോഗത്തിന്റെ അമ്പതാം വാര്‍ഷികം അമേരിക്കയിലെ കറുത്ത ജനത ആചരിച്ചത് പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ്. കറുത്തവര്‍ക്കെതിരായ വംശീയ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കറുത്തവര്‍ പലരും ഉയര്‍ന്നുവന്നെങ്കിലും സമൂഹം എല്ലാ നിലയിലും പാര്‍ശ്വവല്‍കൃതമാണ്. ദാരിദ്ര്യവും പീഡനങ്ങളും അവഗണനയും അവരെ അലട്ടുന്നു. ഡോ. കിങിന്റെ ജീവത്യാഗം ഇന്നും പൂര്‍ത്തിയാവാത്ത ഒരു വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായ രക്തസാക്ഷിത്വമായാണ് അവര്‍ ഓര്‍മിക്കുന്നത്.

RELATED STORIES

Share it
Top