മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അര്‍ധ ഫാഷിസ്റ്റ് പട്ടം അണിയരുത്: മജീദ് ഫൈസി

കൊടുവള്ളി: ഫാഷിസത്തിന്റെ അതേ നിലപാടുകള്‍ ദലിത്, മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസിന്റെ ബിടീമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി . എസ്ഡിപിഐ കൊടുവള്ളി മണ്ഡലം നടത്തിയ സിപിഎം ന്യൂനപക്ഷ വിരുദ്ധത തിരിച്ചറിയുക എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഇതേ തരത്തിലാണ് തുടരുന്നതെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും പാര്‍ട്ടി ചരിത്രമായി മാറാന്‍ അധിക കാലതാമസമുണ്ടാവാനിടിയില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള ശേഷിക്കുന്ന വിശ്വാസംകൂടി ഇല്ലാതാവുന്നതിന് മുമ്പ് നയനിലപാടുകളില്‍ ക്രിയാത്മകമായ മാറ്റം വരുത്തി കണ്ണൂരില്‍ ആര്‍എസ്എസിനോട് പുലര്‍ത്തുന്ന അതേ നിലപാട് രാജ്യമെമ്പാടും പുലര്‍ത്താന്‍ സിപിഎം തയ്യാറാവണമെന്നും മാനവികതയെ മുഖവിലക്കെടുത്തുകൊണ്ടുള്ള വികസന മുന്നേറ്റങ്ങള്‍ കൊണ്ടുവരണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് യൂസുഫ് കരീറ്റിപറമ്പ് അധ്യക്ഷത വഹിച്ചു. ജലീല്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സലീം കാരാടി, ടി പി മുഹമ്മദ്, അസീസ്, സിദ്ദീഖ് കരുവന്‍പൊയില്‍, കെ കെ ഫൗസിയ, ആര്‍ സി സുബൈര്‍ സംസാരിച്ചു.

RELATED STORIES

Share it
Top