മാര്‍ക്കറ്റ് ലേലത്തില്‍ വീഴ്ച: ലക്ഷങ്ങളുടെ നഷ്ടമെന്ന് വിജിലന്‍സ് കണ്ടെത്തല്‍

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ കിളിമാനൂര്‍ പുതിയകാവിലെ പൊതുമാര്‍ക്കറ്റിലെ നികുതി പിരിവിനുള്ള അവകാശവുമായി ബന്ധപ്പെട്ട ലേല നടപടികളില്‍ പഞ്ചായത്തിന് വലിയ വീഴ്ച പറ്റിയതായും നടപടികളിലൂടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും വിജിലന്‍സ് അനേഷണത്തില്‍ കണ്ടെത്തി. 17 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ ഒമ്പത് സിപിഎം, മൂന്ന് സിപിഐ, മൂന്ന് കോണ്‍ഗ്രസ്, രണ്ട് സ്വതന്ത്രര്‍ അംഗങ്ങളാണുള്ളത്. 2017 -18 വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശം ലേലം പിടിച്ച അടയമണ്‍ തടത്തില്‍ ചരുവിള വീട്ടില്‍ ഗുരുദാസനെ ഒരു ദിവസം പോലും നികുതി പിരിക്കാന്‍ പഞ്ചായത്തിലെ മൂന്ന് അംഗങ്ങള്‍ തടസപ്പെടുത്തിയത് മുതലുള്ള പ്രശ്‌നങ്ങളാണ് പരാതിയിലും നിയമ നടപടികളിലും വിജിലന്‍സ് അന്വേഷണത്തിലും എത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സിപിഐയിലെ യുഎസ് സുജിത്, ജിഎല്‍അജീഷ്, വി ധരളിക എന്നിവരുടെ നേതൃത്വത്തിലാണ് 2017 ഏപ്രില്‍ ഒന്നു മുതല്‍ പിരിവ് തടസപ്പെടുത്തിയത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അമിത പിരിവ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പിരിവ് തടസപ്പെടുത്തിയത്. കരാറുകാരന്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും പിരിവ് നടക്കാത്ത സാഹചര്യത്തില്‍ കെട്ടിവെച്ച തുകയും സര്‍ട്ടിഫിക്കറ്റും തിരികെ തരണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും പുനര്‍ലേലം ചെയ്യുകയോ പഞ്ചായത്ത് നേരിട്ട് പിരിക്കുകയോ ചെയ്യണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിഷയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ സുഗുണന്‍ എന്നയാള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലും സെക്രട്ടറി വസ്തുതാ വിവരണ പത്രിക തയ്യാറാക്കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ലത്രെ. പഞ്ചായത്ത് നേരിട്ട് പിരിവ് നടത്തിയതുമില്ല. അതിനെ തുടര്‍ന്ന് 2017 -18 വര്‍ഷത്തെ നികുതി പിരിവില്‍ പഞ്ചായത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 21,33,333 രൂപക്കാണ് ഗുരുദാസന്‍ നികുതി പിരിവിനുള്ള അവകാശം ലേലം പിടിച്ചിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും കരാറുകാരനായ ഗുരുദാസന്‍ ബാക്കി തുക അടക്കാത്തതിനാല്‍ റവന്യു റിക്കവറി നടപടികളുമായി പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് പോയപ്പോള്‍ ഗുരുദാസന്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും മുഖ്യമന്തി വകുപ്പ് തലത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയുമായിരുന്നു . പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. 2018-19 വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശം ചെമ്മരത്ത് മുക്ക് കേദാരത്തില്‍ സുഗുണന്‍ ആണ് ലേലം പിടിച്ചത്. ഇയാള്‍ക്ക് ലേലം ഉറപ്പിച്ച് നല്‍കിയതിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ മാര്‍ക്കറ്റിലെ നികുതി പിരിവില്‍ വന്‍ വര്‍ധന പഞ്ചായത്ത് വരുത്തിയതിലും ചട്ട ലംഘനം നടന്നിട്ടുള്ളതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുദാസന്— ഫീസ് അടക്കാന്‍ ബാധ്യതയില്ലെന്നും അതിനാല്‍ റവന്യു റിക്കവറി നിര്‍ത്തിവെക്കുന്നതിനു നിര്‍ദ്ദേശം നല്‍കാവുന്നതും ഹൈക്കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top