മാരിടൈം ബോര്‍ഡ് ബില്ല് പിന്‍വലിച്ചു : ഗവര്‍ണറുടെ നിര്‍ദേശത്തെ വിമര്‍ശിച്ച് സ്പീക്കറുടെ റൂളിങ്തിരുവനന്തപുരം: 2014ലെ മാരിടൈം ബോര്‍ഡ് ബില്ല് നിയമസഭ പിന്‍വലിച്ചു. ബില്ല് കേന്ദ്രവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. ബില്ല് പുനപ്പരിശോധിക്കണമെന്നായിരുന്നു രാഷ്ട്രപതി നിര്‍ദേശിച്ചത്. എന്നാല്‍ ബില്ല് പിന്‍വലിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം മാരിടൈം ബില്ല് പിന്‍വലിക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ വിമര്‍ശിച്ച് സ്പീക്കര്‍ റൂളിങ് നടത്തി. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമാണോ എന്നു പരിശോധിക്കണമെന്ന് സ്പീക്കര്‍ നല്‍കിയ റൂളിങില്‍ പറഞ്ഞു. നിയമസഭയുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണു ഗവര്‍ണറുടെ നടപടി. ബില്ല് പാസാക്കാനും പിന്‍വലിക്കാനുമുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണുള്ളത്. ഈ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്ല് പിന്‍വലിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശമെന്നാണ് സ്പീക്കര്‍ നല്‍കിയ റൂളിങില്‍ പറയുന്നത്. ഇത് ഭരണഘടനാപരമാണോ എന്നു പരിശോധിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ബില്ല് ഗവര്‍ണര്‍ മടക്കിയാല്‍ പുനപ്പരിശോധനാ നടപടിയിലേക്കാണു നിയമസഭ നീങ്ങേണ്ടതെന്നും സ്പീക്കറുടെ റൂളിങിലുണ്ട്. 2014ലെ കേരള മാരിടൈം ബില്ല് പുനപ്പരിശോധിക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ല് പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് ഗവര്‍ണര്‍ നിയമസഭയ്ക്ക് നല്‍കിയത്.

RELATED STORIES

Share it
Top