മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് പമ്പ മലിനമായെന്ന്

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് പമ്പ മലിനമായതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇക്കാര്യത്തില്‍ സംഘാടകര്‍ക്കും കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നോട്ടീസ് നല്‍കി. കണ്‍വന്‍ഷന്‍ അവസാനിച്ചതിന് തൊട്ടടുത്ത ദിവസം നടത്തിയ പരിശോധനയില്‍ മാലിന്യം പമ്പയിലേക്ക് തള്ളുന്നതായി കണ്ടെന്ന് ബോര്‍ഡിന്റെ പരിസ്ഥിതി എന്‍ജീനിയര്‍ പറയുന്നു.
ഒരാഴ്ച നീണ്ടു നിന്നതും പതിനായിരങ്ങള്‍ പങ്കെടുത്തതുമായ പരിപാടിയില്‍ ധാരാളം മാലിന്യം ഉണ്ടായി. ഇത് നീക്കാന്‍ പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തൃപ്തികരമായിരുന്നില്ല. അടുത്ത കണ്‍വന്‍ഷന്‍ മുതല്‍ കടകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ മലീകരണവിഷയത്തില്‍ നിശ്ചിത തുക മുന്‍കൂറായി വാങ്ങിവെക്കണമെന്ന് നിര്‍ദേശിക്കുന്നു. മാലിന്യം തള്ളുന്നവര്‍ക്ക് ഈ തുക മടക്കി നല്‍കരുത്. മാലിന്യനീക്കത്തിന് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതും നല്ലതായിരിക്കുമെന്ന് ബോര്‍ഡ് പറയുന്നു.
കണ്‍വന്‍ഷന്‍ തീര്‍ന്ന ദിവസവും മാലിന്യം നീക്കം ചെയ്യാതെ മണല്‍പ്പുറത്ത് കാണാമായിരുന്നുവെന്ന് സംഘാടകരായ മാര്‍ത്തോമ സഭയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതത് ദിവസത്തെ മാലിന്യം അന്ന് തന്നെ നീക്കിയില്ലങ്കില്‍ രാത്രി മഴ പെയ്താല്‍ അത് പുഴയില്‍ കലരും. മണല്‍പ്പുറത്ത് ബയോശൗചാലയം  മാത്രമേ പാടുള്ളൂ. കുഴി കക്കൂസ് പൂര്‍ണമായും ഒഴിവാക്കണം.
ബയോ ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം ടാങ്കുകളില്‍ ശേഖരിച്ച് സഭയുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിക്കണം. മണല്‍പുറത്ത് പാചകം ഒഴിവാക്കണം.
മാലിന്യം തരംതിരിച്ച് കുട്ടകളില്‍ നിക്ഷപിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കണമെന്നും നോട്ടീസിലുണ്ട്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം. അവശിഷ്ടം സംസ്‌കരിക്കാന്‍ സഭയുടെ പുരയിടത്തില്‍ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കണ്‍വന്‍ഷന്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകണമെന്നും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും ജില്ലാ പരിസ്ഥിതി എന്‍ജിനീയര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് പറഞ്ഞു.
പക്ഷേ കണ്ടെത്തിയ പോരായ്്മകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടത്തിയ സംഘാടകരുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top