മായമൊഴിയുന്നില്ല; കേരം തിങ്ങിയ കേരളനാട്ടിലേക്ക് വ്യാജ വെളിച്ചെണ്ണ ഒഴുകുന്നു

ശ്രീകുമാര്‍ നിയതി
കോഴിക്കോട്: തേങ്ങ വെന്ത വെളിച്ചെണ്ണയും ചക്കിലാട്ടിയ വെളിച്ചെണ്ണയും കേരം തിങ്ങിയ കേരളനാടിന്റെ അഹങ്കാരമായിരുന്നു. കോഴിക്കോടിന്റെ നഗരപ്രാന്തങ്ങളിലൂടെ കാളകള്‍ ചക്കിനു ചുറ്റും കറങ്ങിനടക്കുന്ന കാഴ്ച, ചക്കില്‍ നിന്ന് ഉയരുന്ന പ്രത്യേക താളം, കൊപ്രക്കളങ്ങള്‍, കാവണ്ടത്തില്‍ പാണ്ടികശാലയിലേക്ക് കേരകര്‍ഷകരുടെ കൊപ്രയുമായുള്ള എഴുന്നള്ളത്തുകള്‍, ഏത് വീടിന്റെ മുറ്റത്തും പത്തു തേങ്ങയെങ്കിലും ഉണക്കി കൊപ്രയാക്കുന്ന കാഴ്ച. മലയാളിക്ക് ജീവിക്കാന്‍ പ്രകൃതി കനിഞ്ഞുനല്‍കിയതായിരുന്നു കേരവൃക്ഷങ്ങള്‍. പേരു തന്നെ കേരളം. ഇങ്ങനെയൊക്കെയുള്ള കേരളത്തിലേക്ക് വെളിച്ചെണ്ണ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലായി. മുമ്പൊക്കെ വടക്കേ ഇന്ത്യയിലേക്കു പോവുന്നവര്‍ ഒരു ചെറിയ ടിന്‍ വെളിച്ചെണ്ണയെങ്കിലും കരുതും; അയല്‍പക്കക്കാര്‍ക്ക് നമ്മുടെ നാട്ടിലെ ശുദ്ധമായ വെളിച്ചെണ്ണ കൊടുക്കാന്‍. കടുകെണ്ണയും മറ്റും ഉപയോഗിച്ചു ശീലിച്ച അവരെയും നമ്മള്‍ കൊതിയൂറും വെളിച്ചെണ്ണയുടെ സ്വാദ് അറിയിച്ചു. മണ്ഡരിയെന്ന മഹാവ്യാധി കേരളത്തിലെ തെങ്ങുകളെ കടന്നാക്രമിച്ചതോടെ കേരകര്‍ഷകര്‍ ഒന്നൊന്നായി തെങ്ങ് പരിചരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. അന്നു തുടങ്ങിയതാണ് തെങ്ങിനും തേങ്ങയ്ക്കും ശനിദശ. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇളനീര്‍ (കരിക്കുകള്‍) തെരുവോരങ്ങളില്‍ സുലഭമായി. ഇപ്പോള്‍ വെളിച്ചെണ്ണയും.
വേഗം കായ്ക്കാന്‍ വേണ്ടി തെങ്ങിന്‍തൈകളുടെ കുരലുകളില്‍ ദ്വാരമുണ്ടാക്കി അപകടകരമായ വിഷവളം വച്ച് അങ്ങനെ കായ്ച്ചവയാണ് ഇന്ന് നാം കഴിക്കുന്ന ഇളനീരെന്നും ഓര്‍ക്കുക. ചുരുക്കത്തില്‍ പണ്ടുള്ളവര്‍ പറയുമ്പോലെ സാക്ഷാല്‍ കടപ്പുറത്ത് തന്നെ അവര്‍ പൂഴിയിറക്കി.
ഇതൊക്കെ പറയാന്‍ ഒരു കാരണമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം കടകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനകളില്‍ നൂറിലേറെ ബ്രാന്‍ഡുകളില്‍ വെളിച്ചെണ്ണക്കുപ്പികളും കവറുകളും വില്‍പനയ്ക്കുണ്ടെന്നാണു കണ്ടെത്തിയത്. ഇതില്‍ പകുതിയിലേറെയും ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണത്രേ. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേര വെളിച്ചെണ്ണയുടെ വ്യാജ പേരിലാണ് ഇവ പുറത്തിറക്കുന്നതെന്നതാണ് മറ്റൊരു കാര്യം. കേര’എന്ന് വലുതായും ഒപ്പം ശുദ്ധം, ശ്രുതി തുടങ്ങിയവയും എഴുതിയതാണു കവറുകള്‍. ഈയിടെ ആരോഗ്യവകുപ്പ് 51 ഇനം വെളിച്ചെണ്ണകള്‍ നിരോധിച്ചിരുന്നു. അയല്‍നാട്ടില്‍ നിന്നു കൊണ്ടുവരുന്ന വലിയ ബാരലുകളിലുള്ള വ്യാജ വെളിച്ചെണ്ണ‘ഇവിടെ എത്തിയശേഷം പല ഇടങ്ങളിലായി യൂനിറ്റുകള്‍ സ്ഥാപിച്ച് കുപ്പികളിലും കവറുകളിലും നിറയ്ക്കുകയാണ്. ഇത്തരം റീപാക്ക് യൂനിറ്റുകള്‍ നാടെങ്ങുമുണ്ട്. വെളിച്ചെണ്ണയുടെ മണമുണ്ടെന്നതുകൊണ്ടുമാത്രം മലയാളി അവരുടെ സ്വന്തം വെളിച്ചെണ്ണയെ തിരിച്ചറിയുകയാണ്. ഇതാവട്ടെ വെളിച്ചെണ്ണയുടെ ഗന്ധം ചേര്‍ത്തിയ മറ്റു ഭക്ഷ്യ എണ്ണകളുമാണ്. വെളിച്ചെണ്ണയായാലും നല്ലെണ്ണയായാലും നറുനെയ്യായാലും ഉപഭോക്താവ് കൈയില്‍ കിട്ടിയ കുപ്പി തുറന്നുനോക്കി ഗന്ധംപിടിക്കും. യഥാര്‍ഥ വെളിച്ചെണ്ണയാണോ എന്നറിയാന്‍ സാധാരണക്കാരന് ഈ മണത്തുനോക്കല്‍ മാത്രമാണല്ലോ രക്ഷ.
വിപണിയില്‍ നിന്ന് ഇത്തരം വ്യാജന്മാരെ കഴിഞ്ഞ ദിവസം പരിശോധനയില്‍ കണ്ടെത്തി. നിരോധനവും ഏര്‍പ്പെടുത്തി. എന്നാല്‍, മറ്റു പേരില്‍ ഇവ തന്നെയാണു വിപണിയില്‍ നിന്നു വീണ്ടും റെയ്ഡില്‍ പിടിച്ചെടുത്തത്. സാക്ഷാല്‍ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 250 രൂപയോളം വരും. എന്നാല്‍ വ്യാജ വെളിച്ചെണ്ണയ്ക്ക് മാര്‍ക്കറ്റില്‍ 150ഉം 170 ഒക്കെ വിലയേ ഈടാക്കുന്നുള്ളു. സാമ്പത്തിക പ്രയാസത്തില്‍ കഴിയുന്നവന് വില കുറഞ്ഞതാണെങ്കില്‍ അതു മതിയല്ലോ. പ്രാദേശിക ഇടങ്ങളിലെ കടക്കാരും വില കുറവായതുകൊണ്ട് ഇവ തന്നെയാണു വാങ്ങിവയ്ക്കാറ്. തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ വ്യാപാരികള്‍ വലിയ ഫാക്ടറിയുടെ പേരും വിലാസവുമൊക്കെ ഉപയോഗിച്ചാണ് മൊത്തവ്യാപാരികളെ സമീപിക്കാറ്. എന്നാല്‍, ഇവ അന്വേഷിച്ചുപോയാല്‍ ഏതെങ്കിലും പൂട്ടിക്കിടക്കുന്ന കടകളില്‍ ഒരു ചെറിയ ബോര്‍ഡ് മാത്രമേ കാണൂ എന്നു മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയതാണ്.
ഇനി പഴയകാലത്തെപ്പോലെ തേങ്ങയുണ്ടാക്കി കൊപ്രയാക്കി വെളിച്ചെണ്ണയുണ്ടാക്കുക എന്ന ഒറ്റമാര്‍ഗമേ ഉള്ളൂ. ഇല്ലെങ്കില്‍ പഴയ ചക്കുകള്‍ രംഗത്തുകൊണ്ടുവരേണ്ടതായിവരും.

RELATED STORIES

Share it
Top