മായം മായം സര്‍വത്ര; ഇനി നാം എന്തു കഴിക്കണം?

ശ്രീകുമാര്‍   നിയതി

കോഴിക്കോട്: മലയാളികള്‍ വീട്ടിലെ തീന്‍മേശയില്‍ ഇനി എന്താണു വിളമ്പുകയെന്ന ആശങ്കയിലാണ്. കഴിഞ്ഞ ഒന്നു രണ്ടു മാസക്കാലമായി പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയാണു ഭക്ഷണം കഴിക്കുന്നവരെയും വിളമ്പുന്നവരെയും ഒരു പോലെ അങ്കലാപ്പിലാക്കുന്നത്. ഒപ്പം ഹോട്ടല്‍ ഉപഭോക്താക്കളെയും.മനുഷ്യനു ഹാനികരമായ ഫോര്‍മാലിന്‍ മല്‍സ്യത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത വന്നതോടെ മീന്‍ വാങ്ങുന്നതിനു മനസ്സ് അനുവദിക്കുന്നില്ലെന്നു വീട്ടമ്മമാര്‍. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെത്തുന്ന മീനുകള്‍ നമ്മുടെ കടലിലെയാണോ അതോ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്നവയാണോ എന്നു വില്‍ക്കുന്നവനും വാങ്ങുന്നവനും അറിയുന്നില്ല.പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്താന്‍ എത്ര വീട്ടമ്മമാര്‍ക്ക് സാധ്യമാവും. ആന്ധ്രയില്‍ നിന്നെത്തിയ കരിമീനിലും വിഷമാണ്. ഇതിനിടെ തൂക്കം കൂടുതലുള്ള ചെമ്മീനില്‍ ഹോര്‍മോണുകളുണ്ടെന്ന കണ്ടെത്തലും മീന്‍ തീറ്റപ്രിയരില്‍ ഭയപ്പാടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ 7000 കിലോ ചൂര, നെയ്മീന്‍ തുടങ്ങിയവ കോഴിക്കോട്ടെ വന്‍കിട മൊത്ത മല്‍സ്യകച്ചവടക്കാര്‍ക്കെത്തിയതാണെന്നു പറയുന്നു. വിഷമല്‍സ്യം മാത്രമല്ല, വെളിച്ചെണ്ണയിലും ചായപ്പൊടിയിലും മായമുണ്ടെന്നു കണ്ടെത്തിയിട്ടും പിന്നീട് അതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. വിഷം കലര്‍ന്ന പഴങ്ങളും പച്ചക്കറികളും കഴിച്ച നാം ഒരു കാലത്ത് കുടിവെള്ളത്തിലും മായം കലര്‍ത്തുമെന്നതില്‍ അദ്ഭുതമില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ കറി മസാലപ്പൊടികള്‍ ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കേരളത്തില്‍ വിപണിയില്‍ ലഭിക്കുന്നത് മാരകമായ കീടനാശിനി വിഷാംശമായ എത്തനോള്‍ അടങ്ങിയ ഉല്‍പന്നങ്ങളാണെന്ന് എറണാകുളം റീജ്യനല്‍ അനലറ്റിക്കല്‍ ലാബില്‍ നിന്നു ലഭിച്ച റിപോര്‍ട്ട് വ്യക്തമാക്കുന്നു. നൂഡില്‍സില്‍ തുടങ്ങി കുഞ്ഞുങ്ങളുപയോഗിക്കുന്ന ബേബി പൗഡറില്‍ വരെ എത്തിനില്‍ക്കുന്നു ഈ കച്ചവട ക്രൂരത. ഇനി എന്താണ് അടുക്കളയിലെത്തിക്കേണ്ടത്. എത്രയോ ബ്രാന്‍ഡ് വെളിച്ചെണ്ണ വിപണിയില്‍ നിന്നും എടുത്തു മാറ്റി എന്നു പറയുന്നുണ്ട്. ഇതേ വെളിച്ചെണ്ണ തന്നെ പുതിയ നാമത്തിലും ചിഹ്നത്തിലും അടുത്ത ദിവസം തന്നെ വിപണിയിലേക്കൊഴുക്കുന്നു. ഇനി ഭക്ഷ്യപദാര്‍ഥങ്ങളിലെ വിഷവും രാസപദാര്‍ഥവുമൊക്കെ കണ്ടെത്താന്‍ അടുക്കളയോട് ചേര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി രാസവസ്തു പരിശോധനാ ലബോറട്ടറി തുറക്കണ്ട ഗതികേടിലായി മലയാളികള്‍.

RELATED STORIES

Share it
Top