മാമ്പഴക്കാലത്തൊരു വ്രതമാസം കൂടി

വെട്ടും തിരുത്തും  -  പി എ എം ഹനീഫ്
''മാഹമ്മദര്‍ക്കിതു മാമ്പഴക്കാലം...'' മഹാകവി വൈലോപ്പിള്ളിയുടെ പദ്യ-ഗദ്യ സമാഹാരങ്ങളിലൊന്നും ഈ ഒരു പറച്ചില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു തീവണ്ടിയാത്രയില്‍ ''നാളെ മുതല്‍ നോമ്പാണ്'' എന്നു പറഞ്ഞപ്പോള്‍ മഹാകവി പ്രതികരിച്ചതിങ്ങനെയായിരുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍, കവി മുല്ലനേഴിയും ഒപ്പമുണ്ട്. മുല്ലനേഴി ചില കാലങ്ങളില്‍ തികഞ്ഞ അരാജകവാദി വേഷം കെട്ടുമെങ്കിലും നോമ്പുനാളുകളില്‍ 'ആറുമണി കഴിയട്ടെ' എന്ന് നോമ്പിനെ ബഹുമാനിച്ചിരുന്നു.
പഴയ തലമുറയില്‍ പൊന്നാനി സ്‌കൂളുകാര്‍ റമദാന്‍ നാളുകളെ അത്യന്തം ആദരിച്ചിരുന്നു. ഫറോക്ക് നല്ലൂരില്‍ ടി എച്ച് കോടമ്പുഴയെ കാണാന്‍ കടവനാടു കുട്ടികൃഷ്ണനും ഞാനും ചെന്നത് ഒരു റമദാന്‍ നാളിലാണ്. മനോരമ മുന്‍ ലേഖകനായിരുന്ന കോടമ്പുഴയെ കടവനാടിനു കണ്ടേ തീരൂ. വീട്ടില്‍ അദ്ദേഹമില്ലായിരുന്നു. ഉച്ചനേരമായതിനാല്‍ കോടമ്പുഴയുടെ സഹധര്‍മിണി നോമ്പുകാല വിഭവമായ തരിക്കഞ്ഞി തന്ന് ഞങ്ങളെ സല്‍ക്കരിച്ചു. കടവനാട് വിലക്കി: ''വ്രതമാസമല്ലേ. പകല്‍ ഭക്ഷണം അരുത്.'' എനിക്ക് ആശ്ചര്യമായി.
മറ്റൊരു നോമ്പുകാലം. എറണാകുളത്ത് സി പി ശ്രീധരന്റെ വസതിയില്‍ ഞാന്‍ നാഷനല്‍ ബുക്സ്റ്റാള്‍ വിഷയം സംബന്ധിച്ച് സംസാരിക്കാന്‍ ചെന്നതാണ്. കുറേ കഴിയും മുമ്പ് സ. പി ഗോവിന്ദപിള്ള അവിടെയെത്തി. കറുത്ത കൂറ്റന്‍ ബാഗ് തുറന്ന് കുറേ പുസ്തകങ്ങള്‍ ഗോവിന്ദപിള്ള സിപിക്കു നല്‍കി. എഴുത്തില്‍ അലസതപൂണ്ടിരിക്കുന്നതില്‍ പിജി എന്നെ ഗുണദോഷിച്ചു. സിപിയുടെ സഹധര്‍മിണി സ്റ്റീല്‍ തളിക നിറയെ നല്ല മാമ്പഴ പൂളുകള്‍ ഞങ്ങള്‍ക്കു മുന്നില്‍ വച്ചു. ''വേണ്ട. നമുക്കു നോമ്പുകാലമല്ലെങ്കിലും പകല്‍നേരം പൊതുവെ ഭക്ഷണം കഴിക്കാറില്ല.'' പിജിയുടെ ഈ പ്രസ്താവം സിപിയെ ചിരിപ്പിച്ചു. ഗോവിന്ദപിള്ള നോമ്പിനെക്കുറിച്ചു വാചാലനായി.
''നോമ്പുകാലമായാല്‍ കേരളത്തില്‍ നല്ല ഭക്ഷണം പകല്‍ കിട്ടാന്‍ വല്ലാത്ത വിഷമം.'' ഡോ. ടി പി സുകുമാരന്‍ സത്യസന്ധമായി തന്നെ വിശദീകരിക്കാറുണ്ടായിരുന്നു. കഠിനമായി രോഗം അലട്ടിയ നാളുകളില്‍ പ്രശസ്ത ഹോമിയോ ചികില്‍സകന്‍ കണ്ണൂര്‍ നടാലിലെ അസീസ് ഡോക്ടറുടെ ഉപദേശപ്രകാരം എം എന്‍ വിജയന്‍മാഷ് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. നോമ്പ് ഒരു ബലിയാണെന്നും മാഷ് പറയും.
കവി ടി ഉബൈദ് നോമ്പുകാലത്താണ് സമ്പൂര്‍ണ വായനയില്‍ മുഴുകുക. മരണത്തിനടുത്ത നാളുകളില്‍ അന്ന് കാസര്‍കോട്ടുണ്ടായിരുന്ന എന്നെ വിളിപ്പിക്കും. എന്തെങ്കിലും കേട്ട് എഴുതാനായിരിക്കും. ഒരു നോമ്പുനാളില്‍ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഉബൈദ് മാഷെ കാണാന്‍ വന്നു. തീവണ്ടി ഇറങ്ങി പാളം മുറിച്ചുകടന്നാല്‍ ഉബൈദ് മാഷുടെ എഴുത്തുമുറിയായി. ചുമട്ടുകാരന്‍ വലിയൊരു ഈറ്റക്കുട്ട നിറയെ പച്ചക്കറികളും വാഴയിലയില്‍ മുല്ലപ്പൂക്കളും തണ്ടടര്‍ത്താതെ പച്ചനെല്ലിക്കയും കവിയുടെ പ്രിയ സുഹൃത്തിന് കൊണ്ടുവന്നു. നോമ്പുകാലം ആയതിനാല്‍ ഉബൈദ് മാഷ് ആകെ വിഷണ്ണനായി. ഉബൈദിന്റെ കഷണ്ടിത്തലയില്‍ തന്റെ ശിരസ്സ് മുട്ടിച്ച് കുഞ്ഞിരാമന്‍ നായര്‍ പല്ലില്ലാത്ത മോണകാട്ടി ശിശുക്കളെപ്പോലെ കൊഞ്ചും: ''നോയിമ്പല്ലേ ഉബൈദേ. തന്റെ കൂടെ നോയിമ്പ് അഴിച്ചേ ഞാന്‍ യാത്രയുള്ളൂ.''
ഉബൈദ് മാഷ് ഒരു കുറിപ്പെഴുതിത്തരും. അതില്‍ ചില പേരുകളുണ്ടാവും. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യങ്ങളില്ലാത്ത കാലം. ഞാന്‍ കുറിപ്പുമായി ഇറങ്ങും. നാലോ അഞ്ചോ സതീര്‍ഥ്യരുടെ പേരുകളാണ് ഉബൈദ് കുറിക്കുക. അതില്‍ പ്രധാനി സിറികന്നട അച്ചടിശാലയിലെ ശ്രീനിവാസ റാവു ആയിരിക്കും. കവിയും ഉബൈദും നോമ്പുതുറ കഴിഞ്ഞ് കവിത ചൊല്ലും. ഇത്തരം ഒരു കൂടിക്കാഴ്ചയിലാണ് ഉബൈദില്‍ നിന്നു റയ്യാന്‍ കവാടത്തെപ്പറ്റി ഞാന്‍ കേട്ടത്. 'ആ കവാടത്തിലൂടെ നോമ്പുകാര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമത്രേ!'                                             ി

RELATED STORIES

Share it
Top