മാപ്പുസാക്ഷിയെ വീണ്ടും പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മാപ്പുസാക്ഷിയെ വീണ്ടും പ്രതിപട്ടികയിലുള്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം. നിലമ്പൂര്‍ പുള്ളിപ്പാടം വയലിലകത്ത് ഫിറോസ്ഖാനെയാണു വീണ്ടും കേസില്‍ പ്രതിയാക്കുന്നത്. കേസില്‍ ഏഴാംപ്രതിയായിരുന്ന ഇയാളെ സിജെഎം കോടതിയാണു മാപ്പുസാക്ഷിയാക്കിയത്. എന്നാല്‍, ഫിറോസ് പിന്നീട് വിദേശത്തേക്ക് കടന്നു. സത്യം തുറന്നുപറയാമെന്ന ഉറപ്പിലായിരുന്നു ഇയാളെ മാപ്പുസാക്ഷിയാക്കിയത്. എന്നാല്‍, സാക്ഷിയാക്കി മാറ്റുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ഫിറോസ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2012 ജൂണ്‍ 10 നാണ് കുനിയില്‍ അത്തീഖ് റഹ്മാന്‍ വധക്കേസ് പ്രതികളായ കൊളക്കാടന്‍ അബൂബക്കറിനെയും ആസാദിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 21 പ്രതികളാണുള്ളത്. കൊലപാതകം നടത്താന്‍ വാഹനം ഏര്‍പ്പാടാക്കിയെന്നതാണു ഫിറോസ്ഖാന്റെ പേരിലുള്ള കുറ്റം. കേസില്‍ നേരത്തെ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ കൊല്ലപ്പെട്ടവരുടെ പിതാവിന്റെ അപേക്ഷ പ്രകാരം മാറ്റിയിരുന്നു.

RELATED STORIES

Share it
Top