മാപ്പിളകലാ പരിശീലകസംഘം സംസ്ഥാന സമ്മേളനം 10ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: മാപ്പിളകല പരിശീലകസംഘം മൂന്നാമത് സംസ്ഥാന സമ്മേളനം മെയ് 10നു കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കും. ചമയപ്രദര്‍ശനം, മാപ്പിളപ്പാട്ട് മല്‍സരം, പൊതുസമ്മേളനം, അവാര്‍ഡ് വിതരണം, ആദ്യകാല കലാകാരന്‍മാരെ ആദരിക്കല്‍, ഇശല്‍സന്ധ്യ എന്നിവ സമ്മേളനത്തിന്റെ ഭാഗമാണെന്നു സംഘാടകസമിതി ഭാരവാഹികളായ ഹാരിസ് വെള്ളമുണ്ട, ഹിപ്‌സ് റഹ്മാന്‍ വയനാട് എന്നിവര്‍ അറിയിച്ചു.
ചമയപ്രദര്‍ശനം ഉച്ചയ്ക്ക് ഒന്നിനും മാപ്പിളപ്പാട്ട് മല്‍സരം രണ്ടിനും ആരംഭിക്കും. വൈകീട്ട് അഞ്ചിനു പൊതുസമ്മേളനം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സംഘം സംസ്ഥാന പ്രസിഡന്റ് കോയ കാപ്പാട് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം അനു സിത്താര വിശിഷ്ടാതിഥിയായിരിക്കും.
സംഘത്തിന്റെ പ്രഥമ പുരസ്‌കാരം മാപ്പിളകല നിരൂപകനും ഗ്രന്ഥകര്‍ത്താവുമായ മലപ്പുറം ഇക്ബാല്‍ കോപ്പിനാനു ജില്ലാ കലക്ടര്‍ എസ് സുഹാസ് സമ്മാനിക്കും.
ജില്ലയിലെ ആദ്യകാല ആര്‍ട്ടിസ്റ്റുകളായ മനോജ് മാനന്തവാടി, ഉഷാ രാജേന്ദ്രപ്രസാദ്, അസീസ് മാനന്തവാടി, വള്ളി ഇബ്രാഹീം, പി ടി എം കുട്ടി, റിമ പപ്പന്‍ മീനങ്ങാടി, റംല വൈത്തിരി, നൗഷിദ വൈത്തിരി, ഷീല കല്‍പ്പറ്റ എന്നിവരെ ഗാനരചയിതാവ് ബാപ്പു വാവാട് ആദരിക്കും. മാപ്പിളകലാ പ്രദര്‍ശനത്തില്‍ ഒപ്പന, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, കവാലി എന്നിവയുണ്ടാവും. രാത്രി എഴു മുതലാണ് ഇശല്‍സന്ധ്യ അരങ്ങേറുകയെന്നു സംഘാടകര്‍ അറിയിച്ചു.

RELATED STORIES

Share it
Top