മാനുഷിക ദുരന്തം ഒഴിവാക്കണം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരടുരേഖയില്‍ അസമിലെ 40 ലക്ഷത്തോളം പേരെ പുറത്താക്കിയ നടപടി വന്‍ മാനുഷിക ദുരന്തമാണെന്നു പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
അസമിലെ ബംഗാളി സംസാരിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ മാതൃരാജ്യത്ത് അഭയാര്‍ഥികളാവുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടാന്‍  തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാളി സംസാരിക്കുന്ന 40 ലക്ഷത്തോളം പേര്‍ രണ്ടാമത് എന്‍ആര്‍സി കരടു പട്ടികയില്‍ നിന്നു പുറത്തായതു ഞെട്ടിക്കുന്നതാണ്. എല്ലാ തരം പൗര, രാഷ്ട്രീയ, മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയും പോലിസിന്റെയും സൈന്യത്തിന്റെയും ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്ററില്‍ നിന്നു പുറത്തായവരെ പെട്ടെന്നു നാടുകടത്തുകയോ, ക്യാംപിലേക്കു മാറ്റുകയോ ചെയ്യില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉറപ്പ് പ്രശ്‌നം പരിഹരിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്നതിന്റെ തെളിവാണ്. പൗരത്വം തെളിയിക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതു ക്രൂരമായ തമാശയാണെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ 40 ലക്ഷത്തോളം പേരുടെ രേഖകള്‍ പരിശോധിച്ച് തീരുമാനം എടുക്കുക എന്നതു തീര്‍ത്തും അസാധ്യമാണ്. ബംഗാളി മുസ്‌ലിംകളായ 40 ലക്ഷത്തോളം പേര്‍ക്കു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കുക എന്ന ഫാഷിസ്റ്റുകളുടെ വംശീയ അജണ്ടയാണ് എല്ലാത്തിനും പിന്നിലെന്നു തിരിച്ചറിയേണ്ടതു പ്രധാനമാണ്. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയിലുള്ള നിലനില്‍പ്പിനു നേരെ ഭീഷണി ഉയരുന്ന ഈ ഘട്ടത്തില്‍ അസാമിലെ ഇരകളാക്കപ്പെട്ട ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top