മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം: വാഹനപ്രചാരണജാഥ ഇന്ന്‌

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് മുഴുവന്‍ ഫണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് 18 ന് കലക്ടറേറ്റിന് മുന്‍വശം ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല കൂട്ട ഉപവാസ സമരത്തിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.മാത്യു കട്ടിക്കാന നയിക്കുന്ന വാഹന പ്രചാരണജാഥ ഇന്ന് ഉച്ച കഴിഞ്ഞ് 3ന് വെള്ളിമാടുകുന്ന് ജെഡിറ്റി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിക്കും.
10 കേന്ദ്രങ്ങളിലെ വിശദീകരണ യോഗങ്ങള്‍ക്കുശേഷം വൈകീട്ട് 7.30 ന് കിഡ്‌സണ്‍ കോര്‍ണറില്‍ ജാഥ സമാപിക്കും.പ്രചാരണജാഥ വെള്ളിമാടുകുന്നില്‍ മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദ ചൈതന്യ, ഫാദര്‍ അലോഷ്യസ് കുളങ്ങര, തായാട്ട് ബാലന്‍ തുടങ്ങി വിവിധ മേഖലകളിലെ നേതാക്കള്‍ സംസാരിക്കും.
മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരായ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് പി എം  സുരേഷ് ബാബു, ബിജുലാല്‍, പ്രമീളാ ബാലഗോപാല്‍, ഇ പ്രശാന്ത് കുമാര്‍, കെ സി ശോഭിത, അഡ്വ.വിദ്യാ ബാലകൃഷ്ണന്‍, ജിഷ ഗിരീഷ്, നവ്യ ഹരിദാസ്, പി കിഷന്‍ചന്ദ്, ടി സി ബിജുരാജ്, അഡ്വ.തോമസ് മാത്യു, അഡ്വ.പി എം നിയാസ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
സമാപനയോഗത്തില്‍ ജെഡിറ്റി പ്രസിഡണ്ട് സി പി കുഞ്ഞുമുഹമ്മദ് തുടങ്ങി സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.

RELATED STORIES

Share it
Top