മാനസിക വെല്ലുവിളി നേരിടുന്ന വിചാരണത്തടവുകാര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കണമെന്ന്

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികില്‍സ ഉറപ്പാക്കിയ ശേഷം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാന്‍  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജസ്റ്റിസ് പി മോഹനദാസ് ജയില്‍ മേധാവിക്കും സാമൂഹികനീതി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. മാനസികാരോഗ്യ നിയമം കേന്ദ്ര നിയമമായതിനാല്‍ രോഗം കാരണം വിചാരണ തടസ്സപ്പെടുന്ന തടവുകാരുടെ കാര്യത്തില്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ഥിക്കാനും സംസ്ഥാന കമ്മീഷന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിയെ കമ്മീഷന്‍  ചുമതലപ്പെടുത്തി.രോഗം കാരണം വിചാരണ നേരിടാന്‍ കഴിയാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന വിചാരണത്തടവുകാരുടെ ദയനീയാവസ്ഥ കീഴ്‌ക്കോടതികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്  ഹൈക്കോടതിയെ ഇടപെടുവിക്കാന്‍ വിഷയം കേരള ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറോട് അഭ്യര്‍ഥിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. സാമൂഹികനീതി ഡയറക്ടറും ജയില്‍ മേധാവിയും ജനുവരിയില്‍ കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  രോഗം കാരണം ഇത്തരകാര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാനും കഴിയില്ല. കണ്ണു തുറക്കേണ്ടത് സര്‍ക്കാരും സാമാജികരുമാണ്. പുതിയ നിയമനിര്‍മ്മാണമോ നിയമഭേദഗതിയോ ഉണ്ടാകണമെന്നും കമ്മീഷന്‍ പറഞ്ഞു.

RELATED STORIES

Share it
Top