മാനസികാസ്വാസ്ഥ്യമുള്ള സഹോദരങ്ങളെ ഏറ്റെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തൃശൂര്‍: വീടിന്റെ ശോചനീയാവസ്ഥയും വരുമാനമില്ലായ്മയും ദാരിദ്രവും കാരണം മാനസികാസ്വാസ്ഥ്യത്തിലേക്കും പട്ടിണിയിലുമായ വിദ്യാസമ്പന്നരായ സഹോദരങ്ങള്‍ക്ക് സൗജന്യ ഭക്ഷണം മുടക്കമില്ലാതെ നല്‍കാനും ചികിത്സ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കി.
ഇതിനാവശ്യമായ ഉത്തരവ് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിക്ക് കലക്ടര്‍ നല്‍കണം. തൃശൂര്‍ പാലസ് റോഡ് ആലത്തൂര്‍ മഠത്തില്‍ പി ആര്‍ വരദരാജനും സഹോദരങ്ങള്‍ക്കും തുണ നല്‍കി പരാധീനതകള്‍ പരിഹരിക്കാനാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. അവ്യക്തമായ ഭാഷയില്‍ പി ആര്‍ വരദരാജന്‍ കമ്മീഷന് എഴുതിയ കത്താണ് അനേ്വഷണങ്ങള്‍ക്ക് വഴിതെളിച്ചത്. കമ്മീഷന്‍ ജില്ലാ സാമൂഹിക നീതി ഓഫിസറെ നിയോഗിച്ച് അനേ്വഷണം നടത്തി. പരാതിക്കാരനും സഹോദരന്‍ പി ആര്‍ വിശ്വനാഥനും മാനസികാസ്വാസ്ഥ്യം ബാധിച്ചവരാണ്. വരദരാജനെ എസ്ബിഐയില്‍ ജോലി ചെയ്യവേ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മാനസികരോഗത്തിന് ചികിത്സ തേടിയെന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാല്‍ മാത്രമേ ജോലിയില്‍ പുന:പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ പിതാവ് റെയില്‍വേയില്‍ ഉദേ്യാഗസ്ഥനായിരുന്നു. അവിവാഹിതനും അസുഖബാധിതനുമായ പരാതിക്കാരന്റെ സഹോദരന് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെങ്കിലും നാഷണല്‍ ട്രസ്റ്റ് നിയമപ്രകാരം ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് രേഖ ഹാജരാക്കിയാല്‍ മാത്രമേ റയില്‍വേയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള മാനസിക-ശാരീരിക ശേഷി ഇവര്‍ക്കില്ല.തൊഴിലും വരുമാനവുമില്ലെന്നും മോശമായ സാഹചര്യങ്ങളില്‍ ജീവിച്ച് നിരാശരായ ഇവര്‍ വീടിന് പുറത്തിറങ്ങാറില്ലെന്നും ആളുകളെ കാണാറില്ലെന്നും വീട് വൃത്തിയാക്കാറില്ലെന്നും സാമൂഹിക നീതി ജില്ലാ ഓഫിസര്‍ കമ്മീഷനെ അറിയിച്ചു.
മഴ പെയ്താല്‍ ചോരുന്ന വീട്ടില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രാഹ്മണസഭ നല്‍കുന്ന അഞ്ചു കിലോ അരി മാത്രമാണ് ഉപജീവനമാര്‍ക്ഷം. മാനസികാസ്വാസ്ഥത്തിന് ചികിത്സ തേടണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പി ആര്‍ വിശ്വനാഥന് റയില്‍വേയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കാന്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ പ്രതേ്യക താത്പര്യമെടുക്കണമെന്ന് കെ മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. പി ആര്‍ വരദരാജന് ബാങ്കില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍ തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടപടിയെടുക്കണം. സൗജന്യ ഭക്ഷണത്തിനും ചികിത്സക്കും പുറമേ ഇവരുടെ വീട് നവീകരിക്കാന്‍ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി നടപടിയെടുക്കണം. ഇതിനുപുറമേ പരാതിക്കാരന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട പെന്‍ഷനും സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും തൃശൂര്‍ ജില്ലാ കലക്ടര്‍ അനുവദിക്കണം. സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വടക്കാഞ്ചേരി നഗരസഭക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഉത്തരവ് ജില്ലാ കലക്ടര്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top