മാനവ ഐക്യത്തിന്റെ ഉജ്ജ്വല മാതൃക

തായ്‌ലന്‍ഡിലെ ചിയാംഗ്‌റായ് പ്രദേശത്തെ അതീവ ദുര്‍ഘടവും അപകട സാധ്യത ഏറെയുള്ളതുമായ ഗുഹയില്‍ നിന്ന് 12 കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷപ്പെടുത്തിയ നടപടി മാനവ ഐക്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ ഒരുദാഹരണമെന്ന നിലയില്‍ ലോകത്താകമാനമുള്ള മനുഷ്യര്‍ക്ക് വലിയ ആഹ്ലാദത്തിനു കാരണമായി. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിമര്‍പ്പിനിടയിലാണ് 18 ദിവസം ഏതാണ്ട് 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഹയില്‍ 13 പേര്‍ കുടുങ്ങിക്കിടന്നത്. ഗുഹയിലെ നാലു കിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന ഒരു സ്ഥലത്ത് ഏതു നിമിഷവും മരണം പ്രതീക്ഷിച്ചുകൊണ്ട് കനത്ത ഇരുട്ടില്‍ കഴിയുകയായിരുന്നു കുട്ടികളും കോച്ചും.
ആദ്യം ഒരു കൗതുകത്തിനു ഗുഹയ്ക്കുള്ളില്‍ കടന്ന അവര്‍ കനത്ത മഴ മൂലം തിരിച്ചുപോവാന്‍ കഴിയാത്തവിധം അതിനുള്ളില്‍ അകപ്പെടുകയായിരുന്നു. കുട്ടികളുടെ സൈക്കിളും ബാഗും കണ്ട ഒരു ഫോറസ്റ്റ് റേഞ്ചറാണ് കുട്ടികള്‍ അപകടത്തിലായ വിവരം രക്ഷിതാക്കളെയും അധികൃതരെയും അറിയിക്കുന്നത്. കൈയില്‍ ഉണ്ടായിരുന്ന ലഘുഭക്ഷണം അല്‍പാല്‍പമായി കഴിച്ചാണ് അവര്‍ പത്തു ദിവസം ചെലവഴിച്ചത്.
ലോകം മുഴുവന്‍ ഉല്‍ക്കണ്ഠയോടെ നോക്കിനില്‍ക്കുമ്പോഴാണ് കുട്ടികളെ രക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. സഹജീവികള്‍ അപകടത്തില്‍ പെടുമ്പോഴൊക്കെ മാനവരാശി എല്ലാ ഭിന്നതകളും മറന്നു സഹകരിക്കാന്‍ തയ്യാറാവുന്നത് ഇതാദ്യമായല്ല. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവരും മുങ്ങല്‍ വിദഗ്ധരുമാണ് തായ്‌ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള വനമേഖലയില്‍ എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ ഗുഹയില്‍ നിന്നു വെള്ളം പമ്പ് ചെയ്യുന്നതിനു സാങ്കേതിക സഹായം നല്‍കി.
ഒരാള്‍ക്കു തന്നെ കഷ്ടിച്ചു നുഴഞ്ഞുപോകാന്‍ മാത്രമുള്ള ഇടുക്കുകള്‍ അടങ്ങിയ ഗുഹയില്‍ നിന്നു കുട്ടികളെയും കോച്ചിനെയും പുറത്തുകൊണ്ടുവരുക വളരെ ദുഷ്‌കരമായിരുന്നു. ഓക്‌സിജന്റെ അളവ് കുറവായ, ചളിയും വെള്ളവും നിറഞ്ഞ ഗുഹയില്‍ നിന്നു തായ് നാവികസേനയിലെ വിദഗ്ധരും മറ്റു നാടുകളില്‍ നിന്നെത്തിയ ഗുഹാവിദഗ്ധരും ജീവന്‍ പണയം വച്ചാണ് നീന്തല്‍ അറിയാത്ത ബാലന്‍മാരെ പുറത്തെത്തിച്ചത്. ആ സാഹസികത എത്ര മഹത്തരമാണെന്ന് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ വ്യക്തമാവും. ഓക്‌സിജന്‍ കുറവു കാരണം സമാന്‍ ഗുനന്‍ എന്ന ഒരു തായ് മുങ്ങല്‍ വിദഗ്ധന്‍ മരണമടഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ മാത്രമായിട്ടാണത്രേ സമാന്‍ നാവികസേനയില്‍ തിരികെയെത്തിയത്. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ നന്നേ ചെറിയ ഇടുക്കുകളിലൂടെ നുഴഞ്ഞുകയറിയാണ് ഗുഹയില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നത്.
രാഷ്ട്രീയവും അല്ലാത്തതുമായ അഭിപ്രായവ്യത്യാസങ്ങളൊക്കെ മറന്നുകൊണ്ടാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ താരതമ്യേന അഗമ്യമായ പ്രദേശത്തെത്തുന്നത്. വളരെ വേഗം രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനം ഒരുക്കാന്‍ അവര്‍ക്ക് എളുപ്പം സാധിച്ചതുതന്നെ  അന്താരാഷ്ട്ര സഹകരണത്തിന്റെ ഫലമാണ്.

RELATED STORIES

Share it
Top